കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലെ ദീർഘകാല ഭരണഘടനാ അനിശ്ചിതത്വങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട്, സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർക്ക് അനിശ്ചിതമായി വൈകിപ്പിക്കാൻ കഴിയില്ലെന്ന് ഇന്ത്യയുടെ സുപ്രീം കോടതി വിധിച്ചിരിക്കുന്നു. മൂന്ന് പ്രധാന തത്വങ്ങളാണ് കോടതി മുന്നോട്ടുവച്ചത്: മന്ത്രിസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളിന്മേൽ ഗവർണർമാർ മൂന്നു മാസത്തിനുള്ളിൽ നടപടിയെടുക്കണം, ഈ വിഷയത്തിൽ അവർക്ക് സ്വതന്ത്ര വിവേചനാധികാരമില്ല, അവർ മന്ത്രിസഭയുടെ ഉപദേശപ്രകാരം മാത്രമേ പ്രവർത്തിക്കാവൂ.
സംസ്ഥാന സർക്കാരിനെ അറിയിക്കാതെ പത്ത് ബില്ലുകൾ തമിഴ്നാട് ഗവർണർ ആർ.എൻ. രവി രാഷ്ട്രപതിക്ക്
അയച്ചതിനുള്ള മറുപടിയായാണ് സുപ്രീം കോടതിയുടെ ചരിത്രവിധി. ആർട്ടിക്കിൾ 200 പ്രകാരമുള്ള അധികാരങ്ങളുടെ ഭരണഘടനാ പരിമിതികൾ വ്യക്തമാക്കി, ഗവർണർമാർക്ക് ബില്ലുകളിൽ നടപടിയെടുക്കാൻ ഒരു പ്രത്യേക സമയപരിധി സുപ്രീം കോടതി സ്ഥാപിച്ചത് ഇതാദ്യമായാണ്.
ഇതുസംബന്ധിച്ച് കോടതി നല്കിയ മാർഗനിർദ്ദേശങ്ങളനുസരിച്ച് ഇനി സംസ്ഥാന സർക്കാരുകൾ പാസാക്കുന്ന ബില്ലുകൾ നിയമമാകാൻ കാലതാമസം വരില്ല. നിയമസഭ ഒരു ബിൽ പാസാക്കിക്കഴിഞ്ഞാൽ ഗവർണർക്കു മുന്നിൽ മൂന്നു സാദ്ധ്യതകളേയുള്ളൂ- സമ്മതം നൽകുക, തടഞ്ഞുവയ്ക്കുക, ബിൽ രാഷ്ട്രപതിക്ക് റഫർ ചെയ്യുക (ആദ്യമായാണ് ബിൽ അവതരിപ്പിക്കുന്നതെങ്കിൽ മാത്രം).
ഒരു ബിൽ രാഷ്ട്രപതിക്ക് റഫർ ചെയ്യണമെങ്കിൽ, വ്യക്തതയ്ക്കായി ആദ്യം അത് മന്ത്രിസഭയ്ക്ക് തിരികെ നൽകണം. ലഭിച്ച ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ, ഏകദേശം ഒരു മാസത്തിനുള്ളിൽ അത് അയയ്ക്കുകയും വേണം.
അനുമതി തടഞ്ഞുവയ്ക്കുകയാണെങ്കിൽ മൂന്നു മാസത്തിനുള്ളിൽ ബിൽ തിരികെ നൽകണം. നിയമസഭ അതേ രൂപത്തിൽ ആ ബിൽ വീണ്ടും പാസാക്കിയാൽ, ഗവർണർ അനുമതി നൽകണം. ഇത് വീണ്ടും രാഷ്ട്രപതിക്ക് റഫർ ചെയ്യാനോ മാറ്റിവയ്ക്കാനോ കഴിയില്ല.
കോടതിയുടെ
സൂക്ഷ്മ സന്ദേശം
ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് അവരുടെ ബില്ലുകൾ നിഷേധിക്കരുതെന്ന് വിധിന്യായത്തിൽ കോടതി ഊന്നിപ്പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരുടെ കൗൺസിലിന്റെ ഉപദേശം അനുസരിച്ചാണ് ഗവർണർമാർ പ്രവർത്തിക്കേണ്ടത്. ഷംഷേർ സിംഗ് vs സ്റ്റേറ്റ് ഓഫ് പഞ്ചാബ് (1974), നബാം റെബിയ vs ഡെപ്യൂട്ടി സ്പീക്കർ (2016) തുടങ്ങിയ മുൻകാല സുപ്രധാന കേസുകൾ ഉദ്ധരിച്ചുകൊണ്ടാണ്, ഭൂരിപക്ഷ ഭരണത്തിന്റെ ഭരണഘടനാ തത്വങ്ങളും മന്ത്രിസഭയുടെ പങ്കിന്റെ പ്രാധാന്യവും കോടതി പുനഃസ്ഥാപിച്ചിരിക്കുന്നത്.
മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള ഹർജിയും പഞ്ചാബിലെ സമാനമായ കേസുകളും പോലെ, നിലവിൽ പരിഗണനയിലുള്ള കേസുകളിൽ ഈ വിധി സ്വാധീനം ചെലുത്തും. തെലങ്കാന, കർണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ വിധിയെ സ്വാഗതം ചെയ്തു. ഇത് ഫെഡറൽ തത്വങ്ങളുടെ ശക്തിപ്പെടുത്തലാണെന്ന് അവർ വിശേഷിപ്പിച്ചു. ഗവർണർമാരുടെ നടപടികൾക്ക് നിയമപരമായ സമയപരിധികൾ അവതരിപ്പിച്ചുകൊണ്ട്, ആർട്ടിക്കിൾ 200-ൽ നിയമനിർമ്മാണ ഭേദഗതികൾക്ക് വിധി വഴിയൊരുക്കിയേക്കാമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
നിയമാനുസൃതമായ രാഷ്ട്രീയ തീരുമാനങ്ങളെ തടയാൻ ഗവർണർമാർക്ക് വിവേചനാധികാരം ഉപയോഗിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. 'നല്ല ഭരണത്തിന്, ഭരണഘടന മാത്രമല്ല, അതിന്റെ നടപ്പാക്കലും ശക്തമായിരിക്കണം."- ഭരണഘടനാ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ഈ ഉദ്ധരണിയോടെയാണ് ജസ്റ്റിസ് പർദിവാല വിധിപ്രസ്താവം അവസാനിപ്പിച്ചത്.
ജനാധിപത്യ ഭരണം ശക്തിപ്പെടുത്തുന്നതിൽ നിർണായകമായ ഒരു ചുവടുവയ്പ്പാണിതെന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിധിയെ പ്രശംസിച്ച് പ്രതികരിച്ചത്. സംസ്ഥാനങ്ങളുടെ ഭരണപരമായ അധികാരം സംരക്ഷിക്കുന്നതിൽ ഈ വിധിക്ക് കാര്യമായ സ്വാധീനമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്തായാലും,
ഈ വിധി ഇന്ത്യൻ ഭരണഘടനാ ചരിത്രത്തിലെ ഒരു നിർണായക നിമിഷമായി മാറാൻ പോവുകയാണ്. ഗവർണറുടെ പങ്കിന്റെ പരിധികൾ വ്യക്തമാക്കുക മാത്രമല്ല, കേന്ദ്രസംസ്ഥാന സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ഭരണഘടനാപരമായ പാതയെ ഈ വിധി ശക്തിപ്പെടുത്തുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |