ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പോലും പരിഹരിച്ചുകൊടുക്കില്ലെന്ന് വാശിയുള്ള ചില ദുർമുഖങ്ങൾ സർക്കാർ ഓഫീസുകളിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തുറന്നു പറയുമ്പോൾ ദൈനംദിനം ഈ സാഹചര്യം അഭിമുഖീകരിക്കേണ്ടി വരുന്നവർ എന്തു ചെയ്യണം? ജനസേവകരായി മാറേണ്ട ഉദ്യോഗസ്ഥർ മാടമ്പിമാരായി മാറുമ്പോഴാണ് സർക്കാർ ഓഫീസുകളിൽ ദുർമുഖങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഇങ്ങനെ ദുർമുഖം കാട്ടാൻ അവർക്ക് എങ്ങനെ കഴിയുന്നു? എന്തുവന്നാലും തങ്ങളെ ആരും ഒന്നും ചെയ്യില്ലെന്നും, ഇരിക്കുന്നിടത്തുനിന്ന് അനങ്ങേണ്ടി വരില്ലെന്നുമുള്ള അഹങ്കാരമാണ് ദുർമുഖം കാട്ടാൻ അവർക്കു വഴിയൊരുക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും ബോദ്ധ്യമാകും. ഭരണ നേതൃത്വത്തിൽ ഇരിക്കുന്നവർ ഇച്ഛാശക്തിയുള്ളവരാണെങ്കിൽ ഒരു ഉദ്യോഗസ്ഥനും ജനങ്ങളോട് ദുർമുഖം കാട്ടാൻ തയ്യാറാവുകയില്ല.
ഭരണത്തുടർച്ച ലഭിച്ച ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയെ നിസഹായാവസ്ഥയിലെത്തിക്കുന്ന പെരുമാറ്റം ആരുടെ ഭാഗത്തു നിന്നാണ് ഉണ്ടാകുന്നതെന്ന് കണ്ടെത്താൻ വലിയ പ്രയാസമൊന്നുമില്ല. ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്നും ഫയലിന്മേൽ അടയിരിക്കാതെ നീതിയും ന്യായവും നടപ്പിലാക്കണമെന്നും മുഖ്യമന്ത്രിയായി അധികാരമേറ്റ നാൾ മുതൽ പിണറായി വിജയൻ സർക്കാർ ജീവനക്കാരോട് ആവർത്തിച്ചു പറയുന്നുണ്ട്. എന്നാൽ ആ പറഞ്ഞത് മുഖവിലയ്‌ക്കെടുക്കാൻ പോലും സ്ഥാപിത താത്‌പര്യക്കാരായ ഒരു വിഭാഗം മടിക്കുമ്പോൾ അതാരുടെ വീഴ്‌ചയെന്ന് സംശയിക്കേണ്ടതുണ്ടോ? ഭരണകക്ഷികളുടെ സർവീസ് സംഘടനകളും ഇതിന് ഉത്തരവാദികളാണ്. തങ്ങളോടൊപ്പം നിൽക്കുന്നവർ എന്തു തെറ്റുചെയ്‌താലും സംരക്ഷിക്കുന്ന സമീപനം അവരും മാറ്റണം. ഭൂരിഭാഗം സർക്കാർ ജീവനക്കാരും നല്ല നിലയിൽ പണിയെടുക്കുന്നവരാണ്. എന്നാൽ ഒരു വിഭാഗം ജീവനക്കാരുടെ മെല്ലെപ്പോക്കിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഭരണകർത്താക്കൾക്ക് ഒഴിഞ്ഞുനിൽക്കാൻ കഴിയുമോ?
നഗരസഭയിൽ കെട്ടിട നിർമ്മാണ പെർമിറ്റിന് അപേക്ഷയുമായി ചെന്നാൽ പന്നിപ്പടക്കം എറിയാതെ തിരിച്ചിറങ്ങിവരാൻ കഴിയാത്ത അവസ്ഥയാണെന്ന് തന്നോട് ഒരാൾ വാട്‌സാപ്പിലൂടെ പരാതിപ്പെട്ടെന്ന് തദ്ദേശ - എക്‌സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് മുഖ്യമന്ത്രി പങ്കെടുത്ത അതേ ചടങ്ങിൽ പറയുകയുണ്ടായി. ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്ന തിക്‌താനുഭവം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. സംസ്ഥാനത്തെ സിവിൽ സർവീസിലേക്കു നോക്കിയാൽ സീനിയർ ഉദ്യോഗസ്ഥർക്കിടയിലെ കുടിപ്പകയുടെയും കുതികാൽവെട്ടിന്റെയും വിവരങ്ങളാണ് ദൈനംദിനം പുറത്തുവരുന്നത്. ഭരണകൂടത്തിന്റെ മേധാശക്‌തിയെ പരസ്യമായി വെല്ലുവിളിക്കുന്നവരും ജനമദ്ധ്യത്ത് വിഴുപ്പലക്കുന്നവരും ഇക്കൂട്ടർക്കിടയിലുണ്ട്. ജീവനക്കാരിൽ ഒരു വിഭാഗത്തിന് അവരുടേതായ കാര്യങ്ങളാണ് താത്‌പര്യമെന്നും തെറ്റായ പലതും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. അതിന്റെയർത്ഥം സർക്കാരിന്റെ നിർദ്ദേശങ്ങൾ യഥാവിധി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥവൃന്ദം പരാജയപ്പെടുന്നുവെന്നല്ലേ?
സെക്രട്ടേറിയറ്റിൽ നമ്മുടെ മന്ത്രിമാർ എത്രദിവസം ചെലവഴിക്കുന്നുവെന്നത് പരിശോധിക്കേണ്ട കാര്യമാണ്. മിക്ക മന്ത്രിമാരും ക്യാബിനറ്റ് യോഗത്തിന്റെ തലേദിവസം തിരുവനന്തപുരത്തെത്തുകയും യോഗം കഴിഞ്ഞാലുടൻ മടങ്ങുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. അങ്ങനെയുള്ളവർക്ക് എങ്ങനെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയും? പൂർണമായി ഉദ്യോഗസ്ഥരെ ആശ്രയിക്കുകയും അവർക്കു വിധേയരാവുകയും ചെയ്യുമ്പോൾ എങ്ങനെ പ്രവർത്തിച്ചാലും എന്തു വരാനാണെന്ന് ചില ഉദ്യോഗസ്ഥർ ചിന്തിച്ചുപോകും. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കിൽ കർശന നടപടി കൈക്കൊള്ളാൻ തയ്യാറാവണം. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്നവർ ജനസേവകരായി വേണം പ്രവർത്തിക്കാൻ. അങ്ങനെ ചെയ്യാത്തവരെ കൃത്യമായി മോണിട്ടർ ചെയ്യുകയും, നിരന്തരം വീഴ്‌ച വരുത്തുന്നവരെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും വേണം. അല്ലാതെ മുഖം മോശമാകുന്നതിന് ഇടയ്‌ക്കിടെ കണ്ണാടിയെ പഴിച്ചിട്ടെന്തു കാര്യം?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |