ന്യൂഡൽഹി: ഒല, ഊബർ തുടങ്ങിയ ക്യാബ് കമ്പനികൾക്ക് അടിസ്ഥാന നിരക്കിന്റെ ഇരട്ടി വരെ ഈടാക്കാൻ കേന്ദ്രാനുമതി. തിരക്കേറിയ സമയങ്ങളിൽ ഒന്നര മടങ്ങും തിരക്കില്ലാത്ത സമയങ്ങളിൽ 50 ശതമാനത്തിൽ കുറയാത്തതുമായ നിരക്കായിരുന്നു നേരത്തെ ഏർപ്പെടുത്തിയിരുന്നത്. കാരണമില്ലാതെ യാത്ര റദ്ദാക്കുന്ന യാത്രക്കാരനിൽ നിന്നും ഡ്രൈവറിൽ നിന്നും 100 രൂപയിൽ കൂടാത്ത നിരക്കിന്റെ 10 ശതമാനം ഈടാക്കാനും റോഡ് ഗതാഗത, ഹൈവേ മന്താലയം അറിയിച്ചു.
മൂന്ന് മാസത്തിനുള്ളിൽ പുതുക്കിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരുത്താനാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം. പുതിയ നിർദേശങ്ങൾ ആവശ്യമുണ്ടെങ്കിൽ ഉൾപ്പെടുത്താനും അനുമതി നൽകി. യാത്രക്കാരില്ലാതെ സഞ്ചരിച്ച ദൂരം, യാത്രക്കാരെ കയറ്റാനായി സഞ്ചരിച്ച ദൂരം, ഇതിനായി ആവശ്യമായി വന്ന ഇന്ധനം എന്നിവയുൾപ്പെടെയുള്ള ഡെഡ് മൈലേജിന് നഷ്ടപരിഹാരം നൽകുന്നതിന് കുറഞ്ഞത് മൂന്ന് കിലോമീറ്ററിന് അടിസ്ഥാന നിരക്ക് ഈടാക്കാവുന്നതാണ്.
യാത്രാ ദൂരം മൂന്ന് കിലോമീറ്ററിൽ താഴെയാണെങ്കിൽ യാത്രക്കാരനിൽ നിന്ന് ഡെഡ് മൈലേജിന് നിരക്ക് ഈടാക്കരുതെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. യാത്ര ആരംഭിക്കുന്ന സ്ഥലം മുതൽ യാത്രക്കാരനെ ഇറക്കുന്ന സ്ഥലം വരെയുള്ള നിരക്ക് മാത്രമേ ഈടാക്കാൻ പാടുള്ളൂ. യാത്രക്കാർക്ക് ഇൻഷുറൻസ് എന്ന നിലയിൽ കുറഞ്ഞത് അഞ്ച് ലക്ഷം രൂപ ക്യാബ് കമ്പനികൾ ഉറപ്പാക്കണമെന്നും റോഡ് ഗതാഗത, ഹൈവേ മന്താലയം മാർഗനിർദേശത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |