കൊച്ചി: പീഡനവുമായി ബന്ധപ്പെട്ട് ഒരു യുവതിയുടെ വീട്ടിൽ കുടുംബത്തോടൊപ്പമെത്തി മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിൽ മുൻ ഗവ. സീനിയർ പ്ലീഡർ പി.ജി. മനു കടുത്ത മാനസികസംഘർഷം അനുഭവിച്ചിരുന്നതായി ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ പറഞ്ഞു.
ആരോപണങ്ങൾ എന്തായാലും ഔദ്യോഗിക കൃത്യനിർവഹണത്തിൽ മികവ് പുലർത്തിയിരുന്നു. ഒരാളെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുംവിധം ആരെങ്കിലും പെരുമാറിയിട്ടുണ്ടെങ്കിൽ ഗുരുതരകുറ്റമാണെന്നും ആളൂർ പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസ് കുത്തേറ്റുമരിച്ച കേസിൽ പ്രതിഭാഗം അഭിഭാഷകനായ ആളൂരിനൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് കൊല്ലത്ത് വാടകവീട്ടിൽ താമസിച്ചത്. ബുധനാഴ്ച തുടർവാദത്തിന് തയ്യാറെടുക്കുകയായിരുന്ന മനു വീടിന്റെ വാടകയ്ക്കായി പണം ആവശ്യപ്പെട്ട് വിളിച്ചതായി ആളൂർ പറഞ്ഞു. വാടകയ്ക്കുപുറമേ വിഷു ആഘോഷത്തിനുള്ള പണവും അയച്ചു. കേസിന്റെ കാര്യങ്ങളും സംസാരിച്ചു.
ഹൈക്കോടതിയിൽ സീനിയർ ഗവ. പ്ലീഡറായിരിക്കെയാണ് പീഡനക്കേസിൽ പ്രതിയായത്. 2018ൽ ഉണ്ടായ ലൈംഗികാതിക്രമക്കേസിൽ അഞ്ചുവർഷമായിട്ടും നടപടിയാകാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ നിയമസഹായം തേടിയെത്തിയ യുവതിയെ ഓഫീസിലും വീട്ടിലും പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഒളിവിൽ പോയതിനെത്തുടർന്ന് ലുക്ക് ഒൗട്ട് നോട്ടീസും പുറത്തിറക്കി. ജാമ്യാപേക്ഷയിൽ കോടതി നിർദേശത്തെത്തുടർന്ന് ജനുവരി 31ന് പുത്തൻകുരിശ് ഡിവൈ.എസ്.പിക്കു മുന്നിൽ കീഴടങ്ങി. പ്ലീഡർ സ്ഥാനവും രാജിവച്ചു. ജൂലായിൽ ജാമ്യത്തിലിറങ്ങി. അതിനിടെ മറ്റൊരു ആരോപണവും ഉയർന്നു. ഈ സംഭവത്തിൽ യുവതിയുടെ വീട്ടിലെത്തി മാപ്പ് പറയുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.
നേരത്തെ ഡി.വൈ.എഫ്.ഐ കൂത്താട്ടുകുളം ബ്ലോക്ക് സെക്രട്ടറിയും എസ്.എഫ്.ഐ ജില്ലാ ഭാരവാഹിയുമായിരുന്നു മനു. മുൻമന്ത്രി ടി.എം. ജേക്കബിനെതിരെ വ്യാജനോട്ടീസ് പ്രചരിപ്പിച്ച കേസിൽ പ്രതിയുമായിട്ടുണ്ട്. പിന്നീട് പാർട്ടിയുമായി അകന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |