കൊച്ചി: ഉത്സവ സീസണില്‍ കടുത്ത യാത്രാ ദുരിതം പേറുന്ന മലയാളികള്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യപനവുമായി റെയില്‍വേ. യാത്രാ ദുരിതം പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് നിന്ന് വണ്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചിരിക്കുകയാണ് റെയില്‍വേ. നിരവധി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്കാണ് ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രില്‍ 16ന് സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.
എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ വണ്‍വേ സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ ട്രെയിന്‍(06061) ആണ് അനുവദിച്ചത്. എറണാകുളം ജംഗ്ഷനില്‍നിന്ന് ഏപ്രില്‍ 16 (ബുധനാഴ്ച) വൈകുന്നേരം 18.05-ന് പുറപ്പെടുന്ന ട്രെയിന്‍ ഏപ്രില്‍ 18 (വെള്ളിയാഴ്ച) രാത്രി 20.35-ന് ഡല്‍ഹിയില്‍ ഹസ്രത്ത് നിസാമുദ്ദീനില്‍ എത്തിച്ചേരും. വിഷു ദിനത്തില്‍ തന്നെ ട്രെയിനിന്റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നന്ദി അറിയിച്ചു.
തിരുവനന്തപുരം - മംഗളൂരു റൂട്ടിലും സ്‌പെഷ്യല്‍ ട്രെയിന്‍
ശനിയാഴ്ച ദിവസങ്ങളില്‍ മംഗലാപുരത്തു നിന്ന് വൈകുന്നേരം പുറപ്പെട്ട് ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തുകയും തിരികെ തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ച വൈകുന്നേരം പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ മംഗലാപുരത്ത് എത്തുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം. ആലപ്പുഴ വഴിയാണ് സര്‍വീസ്. ഏപ്രില്‍ 12 മുതല്‍ ഈ ട്രെയിന്‍ സര്‍വീസ ആരംഭിച്ചിട്ടുണ്ട്.
ഒരു എസി ത്രീ ടയര്‍ കോച്ച്, 12 സ്ലീപ്പര്‍ ക്ലാസ് കോച്ച്, 4 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്, 2 സെക്കന്‍ഡ് ക്ലാസ് കോച്ച് എന്നിവയാണ് ഈ ട്രെയിനിനുള്ളത്. സ്ലീപ്പറിന് 450 രൂപ, എസി ത്രീ ടയറിന് 1,220 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഓരോ ദിശയിലേക്കും നാല് സര്‍വീസ് ഉള്‍പ്പെടെ ആകെ 8 ട്രിപ്പുകളാണ് ഈ വാരാന്ത്യ സ്‌പെഷ്യല്‍ ട്രെയിനിനുള്ളത്.
മംഗലാപുരം- തിരുവനന്തപുരം നോര്‍ത്ത് (നമ്പര്‍ 06041)
മംഗലാപുരം ജംഗ്ഷന്‍- തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) വാരാന്ത്യ സ്‌പെഷ്യല്‍ ട്രെയിന്‍ മംഗലാപുരത്ത് നിന്ന് ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് പുറപ്പെടും. ഞായറാഴ്ച രാവിലെ 6.35 ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. ഏപ്രില്‍ 12, 19, 26, മേയ്- 3 എന്നീ തിയതികളിലാണ് സര്‍വീസ്.
തിരുവനന്തപുരം നോര്‍ത്ത് - മംഗലാപുരം (നമ്പര്‍ 06042)
തിരുവനന്തപുരം നോര്‍ത്ത്- മംഗലാപുരം വീക്കിലി സ്‌പെഷ്യല്‍ ട്രെയിന് ഏപ്രില്‍ 13, 20, 27, മേയ് 4 എന്നീ ഞായറാഴ്ചകളില്‍ വൈകിട്ട് 6.40 ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 7.00 മണിക്ക് മംഗലാപുരം ജംഗ്ഷനില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |