തിരുവനന്തപുരം: കറുത്ത തുണികൊണ്ട് മുഖം മറച്ച് കൈകൾ പിന്നിൽക്കെട്ടി വനിതാ സി.പി.ഒ റാങ്ക് ഹോൾഡേഴ്സ് ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ചു. റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ടുള്ള അനിശ്ചിതകാല സമരത്തിന്റെ ഭാഗമായിട്ടായിരുന്നു അത്.
വിഷുദിനത്തിൽ സ്വന്തം ചോരകൊണ്ട് വെളുത്ത കടലാസിൽ സേവ് ഡബ്ളിയു.സി.പി.ഒ 595ന2022 എന്നെഴുതിയും പ്രതിഷേധിച്ചിരുന്നു. ഭിക്ഷയെടുത്തു കിട്ടിയ പണംകൊണ്ട് സമരപ്പന്തലിൽ കണിയുമൊരുക്കി. വിഷു സദ്യയ്ക്കു പകരം കഞ്ഞി കുടിച്ചു. 19ന് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിനാൽ ഇന്നു നടക്കുന്ന മന്ത്രിസഭാ യോഗത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ഉദ്യോഗാർത്ഥികൾ.
സർക്കാർ തീരുമാനം അനുകൂലമായില്ലെങ്കിൽ ഞങ്ങളുടെ ജീവിതം ഇരുളിലാകുമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. ഉറക്കമിളച്ചിരുന്ന് പഠിച്ചതാണ്. ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയവരാണ്. ഞങ്ങളുടെ അദ്ധ്വാനം പാഴാക്കരുതെന്നും അവർ അഭ്യർത്ഥിച്ചു.
570 ഒഴിവുകളുണ്ടെന്നാണ് വിവരാവകാശ അപേക്ഷപ്രകാരം അറിയാനായത്. അതിൽ 350 ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ ഞങ്ങൾക്കെല്ലാവർക്കും ജോലി ലഭിക്കുമെന്നും അവർ പറഞ്ഞു.ആരോഗ്യനില മോശമായതിനെ തുടർന്ന് ശരണ്യ, (എറണാകുളം) മഞ്ചു (ആലപ്പുഴ ) എന്നിവർ നിരാഹാരം അവസാനിപ്പിച്ചു. ജിൻഷ (കണ്ണൂർ), അശ്വനി (മലപ്പുറം) എന്നിവർ പകരം നിരാഹാര സമരം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |