കോന്നി : അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം ആനത്താവളം കാണാനെത്തിയ നാലു വയസുകാരൻ ദ്രവിച്ചുപോയ വേലിയിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് മരിച്ചു. അടൂർ കടമ്പനാട് വടക്ക് തൊയിപ്പാട്ട് പടിഞ്ഞാറ്റേതിൽ അജി - ശാരി ദമ്പതികളുടെ ഏക മകൻ അഭിരാം ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15നാണ് സംഭവം. കല്ലേലി അപ്പൂപ്പൻക്കാവ് ക്ഷേത്ര ദർശനത്തിനുശേഷം മടക്കയാത്രയിൽ അമ്മയ്ക്കും മറ്റു ബന്ധുക്കൾക്കുമൊപ്പം എത്തിയതായിരുന്നു അഭിരാം. ആനക്കൂടിന് സമീപം കാലപ്പഴക്കം കൊണ്ടു നശിച്ചുപോയ വേലിയുടെ തൂണിൽ പിടിച്ചു നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം. നാല് അടിയോളം ഉയരമുള്ള കോൺക്രീറ്റ് തൂൺ ചുവടോടെ ഇളകി കുട്ടിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിരാമിന്
കോന്നി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി, പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കോന്നി ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് അജി ദുബായിലാണ്. സംസ്കാരം ഇന്ന് ഒന്നിന് കടമ്പനാട് വടക്ക് വീട്ടുവളപ്പിൽ നടക്കും. കടമ്പനാട് ഗണേശവിലാസം ഗവ.എൽ.പി സ്കൂളിലെ പ്രീപ്രൈമറി വിദ്യാർത്ഥിയാണ്
മണ്ണൊലിച്ചുപോയി,
തൂണുകൾ ഭീഷണി
10 വർഷങ്ങൾക്കു മുമ്പ് പൂന്തോട്ടത്തിന്റെ സംരക്ഷണത്തിനായി സ്ഥാപിച്ച ഫെൻസിങ്ങിന്റെ കോൺക്രീറ്റ് തൂണാണ് അപകടത്തിന് കാരണമായത്. ഫെൻസിങ്ങ് നശിച്ചുപോയെങ്കിലും അവയെ ബന്ധിച്ചിരുന്ന പത്തോളം തൂണുകൾ ഇപ്പോഴുമുണ്ട്. ചുവട്ടിലെ മണ്ണ് മഴയിൽ ഒലിച്ചുപോയതോടെ ഇവ അപകട ഭീഷണിയായി.
ഇക്കോ ടൂറിസം സെന്റർ അടച്ചു,
ജീവനക്കാർക്ക് സസ്പെൻഷൻ
നാലു വയസുകാരൻ മരിച്ച സംഭവത്തിൽ അഞ്ചു വനപാലകരെ സസ്പെൻഡ് ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ.അനിൽകുമാറിനെ ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ആർ.കമലാഹറും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സലിം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നിവരെ റാന്നി ഡി.എഫ്.ഒ ജയകുമാർ ശർമ്മയുമാണ് സസ്പെൻഡ് ചെയ്തത്. തൂണിന്റെ ബലക്ഷയം മനസിലാക്കാതെയിരുന്നത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തിയാണ് നടപടി. ആനത്താവളം ഉൾപ്പെടുന്ന കോന്നി ഇക്കോ ടൂറിസം സെന്റർ താത്കാലികമായി അടച്ചു. സുരക്ഷാ പരിശോധനകൾക്ക് ശേഷമേ തുറന്നുപ്രവർത്തിക്കുകയുള്ളൂവെന്ന് ഡി.എഫ്.ഒ ആയുഷ് കുമാർ കോറി അറിയിച്ചു.
ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. അപകട സാദ്ധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്താനായില്ല.
എ.കെ.ശശീന്ദ്രൻ,
വനംമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |