കൊച്ചി: പരിചാരകരായ മനുഷ്യമാമന്മാർക്ക് കപ്രിക്കാട് അഭയാരണ്യത്തിലെ ഏറ്റവും ചെറിയ 'കാട്ടാന'യുടെ ആദ്യ സല്യൂട്ട്! ഭൂജാതയായ ദിവസം തന്നെ പെറ്റമ്മയെ നഷ്ടപ്പെട്ടിട്ടും ചൂടും ചൂരും നൽകി സംരക്ഷിക്കുന്നവരോടുള്ള ആദരവോ രക്തത്തിൽ അലിഞ്ഞ പാരമ്പര്യഗുണമോയെന്ന് അറിയില്ല. അഞ്ച് ദിവസം മാത്രം പ്രായമായ കുട്ടിയാന തുമ്പിക്കൈ ഉയർത്തി ശിരസിനോട് ചേർത്ത് ചുരുട്ടിപ്പിടിപ്പോൾ അതിനൊരു സല്യൂട്ടിന്റെ ചന്തമുണ്ടായിരുന്നു.
കഴിഞ്ഞ 18നാണ് ജനിച്ചിട്ട് മണിക്കൂറുകൾ മാത്രമായ ഒരു പിടിയാനക്കുട്ടിയെ കപ്രിക്കാട് അഭയാരണ്യത്തിന് സമീപത്തെ കലുങ്കിൽ കുടുങ്ങിയ നിലയിൽ വനപാലകർ കണ്ടെത്തിയത്.
ശുഭ സൂചനയെന്ന്
ആദ്യ ദിവസം അവളുടെ തല കുമ്പിട്ട നിലയിലായിരുന്നു. എണീറ്റ് നടക്കാൻ ശ്രമിപ്പോൾ ശിരസ്സുയർത്തിയെങ്കിലും തുമ്പിക്കൈ മുകളിലേക്ക് ഉയർത്തുന്നത് ഇന്നലെയാണ്. അതൊരു ശുഭസൂചനയെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. അമ്മയോടൊപ്പമായിരുന്നെങ്കിൽ മുലപ്പാൽ കുടിക്കാൻ പലതവണ തുമ്പിക്കൈ ഉയർത്തുമായിരുന്നു. മുലക്കണ്ണിൽ നിന്ന് വായകൊണ്ട് പാല് വലിച്ചുകുടിക്കണമെങ്കിൽ തുമ്പിക്കൈ ഉയർത്തി മാതാവിന്റെ ഉടലിനോട് ചേർത്ത് വയ്ക്കണം. അങ്ങനെ ആവർത്തിച്ച് ചെയ്യുമ്പോളാണ് തുമ്പിക്കൈയിലെ മസിലുകൾ ശക്തിപ്രാപിക്കുന്നത്. ആനയുടെ ഏറ്റവും ശക്തമായ ആയുധം കൂടിയാണ് തുമ്പിക്കൈ. എന്നാൽ അമ്മയുടെ മുലപ്പാൽ അന്യമായതുകൊണ്ട് ഇങ്ങനെ അടിക്കടി തുമ്പിക്കൈ ഉയർത്താനുള്ള സാദ്ധ്യത കുറയും. എന്നിട്ടും പരപ്രേരണ കൂടാതെ തുമ്പിക്കൈ ഉയർത്തുന്നതും വാലും ചെവിയും ആട്ടി നടക്കാൻ ശ്രമിക്കുന്നതുമെല്ലാം ആനക്കുട്ടി അതിജീവനത്തിന്റെ പാതയിലാണെന്നതിന്റെ സൂചനയാണ്.
ആഹാരം, ചെറിയ നടത്തം, ഉറക്കം
ഇടയ്ക്കിടെ ആഹാരം (ലാക്ടോജൻ, കരിക്കിൻവെള്ളം), ചെറിയ നടത്തം, കൂടുതൽ ഉറക്കം എന്നിവയാണ് ഇതുവരെയും പേരിട്ടിട്ടില്ലാത്ത സഹ്യപുത്രിയുടെ ദിനചര്യകൾ. ഉറക്കം വരുമ്പോൾ മുറിയുടെ ചുമരിൽ ചാരി പതിയെ ഊർന്ന് വീണ് കിടക്കും. ഉണരുമ്പോൾ എണീറ്റ് പിൻകാലിൽ കുത്തിയിരിക്കും. പരിചാരകർ ഒരു കൈ താങ്ങിയാൽ നാലുകാലിൽ നിവർന്നുനിൽക്കും. വിശക്കുമ്പോൾ പ്രത്യേക ശബ്ദത്തിൽ സന്ദേശം നൽകാനും അവൾ പഠിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |