SignIn
Kerala Kaumudi Online
Saturday, 16 May 2026 9.25 PM IST

സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ; മാസപ്പടി കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

veena-vijayan

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് മാസപ്പടി ഇടപാടിൽ സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ സമതിച്ചതായി കുറ്റപത്രം. എസ്എഫ്ഐഒ ഇക്കാര്യം കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വീണാ വിജയൻ നൽകിയ മൊഴികളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസ് കൂടുതൽ കേന്ദ്ര ഏജൻസികളിലേക്ക് എസ്എഫ്ഐഒ കൈമാറി.

കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജൻസികൾക്ക് കൈമാറിയത്. നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റി , റിസർവ് ബാങ്ക് ഒഫ് ഇന്ത്യ, സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ, നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ എന്നിവർക്കാണ് കേസിലെ അന്വേഷണ വിവരങ്ങൾ കൈമാറിയത്. സിഎംആർഎൽ - എക്‌സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രക വീണയെന്നാണ് കുറ്റപത്രത്തിൽ പറയുന്നതെന്നാണ് വിവരം. എക്‌സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളർച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

പ്രതിവർഷം 66 ലക്ഷം രൂപയുടെ ബാദ്ധ്യതയാണ് വീണയുടെ എക്‌സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സിഎംആർഎല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. 2017 മുതൽ 2019 വരെ കാലയളവിൽ സിഎംആർഎല്ലുമായി ഇടപാടുകൾ നടത്തി. പ്രതിമാസം അഞ്ചുലക്ഷം രൂപ സിഎംആർഎല്ലിൽ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്നു ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിലാണ് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചത്.യാതൊരു സേവനവും നൽകാതെ വീണയുടെ കമ്പനിയായ എക്‌സാലോജിക് സിഎംആർഎല്ലിൽ നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്‌എഫ്‌ഐഒ അന്വേഷണത്തിൽ കണ്ടെത്തിയത്.

വീണ അടക്കമുള്ളവർക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നാണ് കുറ്റപത്രത്തിലുള്ളത്. വീണയും സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയും ഉൾപ്പെടെ 13 പേരാണ് കേസിലെ പ്രതികൾ. പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

സിഎംആർഎല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്‌എഫ്‌ഐഒ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്‌ട്രീയ നേതാക്കൾക്ക് ഉൾപ്പെടെ കമ്പനി വകമാറ്റി നൽകിയെന്നാണ് കണ്ടെത്തൽ. ശശിധരൻ കർത്തയുടെ മരുമകൻ അനിൽ ആനന്ദപ്പണിക്കർക്ക് 13 കോടി രൂപ കമ്മീഷൻ ഇനത്തിൽ വകമാറ്റി നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE, SFIO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA