ചെന്നൈ: പൊതുവിൽ കളിക്കളത്തിൽ വളരെ ടെൻഷനില്ലാതെ പെരുമാറാറുള്ള സൂപ്പർ താരമാണ് മഹേന്ദ്രസിംഗ് ധോണി. ചെന്നൈ സൂപ്പർ കിംഗ്‌സ് നായകസ്ഥാനം വീണ്ടും ഏറ്റെടുത്തശേഷം ഇത്തവണ ഐപിഎല്ലിൽ ടീമിനെ ഉയർത്തിക്കൊണ്ടുവരാൻ ധോണിക്ക് സാധിച്ചില്ല. പോയിന്റ് ടേബിളിൽ നിലവിൽ ഏറ്റവും അവസാനമുള്ള സിഎസ്‌കെയ്‌ക്ക് കഴിഞ്ഞ കളിയിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനോടും തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. സിഎസ്‌കെ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം സൺറൈസേഴ്‌സ് എട്ട് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. ടീമിനെന്നപോലെ 20കാരനായ സിഎസ്‌കെ താരം ഷെയ്‌ഖ് റാഷിദിനും ഇന്നലെ അത്ര നല്ല ദിവസമായിരുന്നില്ല.
ഓപ്പണറായി ബാറ്റിംഗിനിറങ്ങി നേരിട്ട ആദ്യ പന്തിൽ തന്നെ ഷമിക്ക് വിക്കറ്റ് നൽകി പുറത്താകേണ്ടി വന്നു. ഫീൽഡിംഗിന്റെ സമയത്ത് സൺറൈസേഴ്‌സിന്റെ ബാറ്റിംഗിലെ എട്ടാം ഓവറിൽ അവസാന പന്തിൽ ഷെയ്‌ഖ് റാഷിദ് എറിഞ്ഞ അനാവശ്യ ത്രോ ബാറ്റർ ഇഷാൻ കിഷന് ഒരു റൺസ് കൂടുതൽ നേടാൻ സഹായിച്ചു. ആളില്ലാത്ത നോൺ സ്‌ട്രേക്കർ എൻഡിലേക്ക് എക്‌സ്‌ട്രാ കവറിൽ ഫീൽഡ് ചെയ്‌തിരുന്ന റാഷിദിന്റെ ഏറ് വിക്കറ്റിൽ കൊള്ളാതെ പോയതുകണ്ട് ഇഷാൻ ഒരു റൺ കൂടി ഓടിയെടുത്തു.
പിന്നാലെ ഓവർ പൂർത്തിയായതും ധോണി റാഷിദിനെ നോക്കി ഇരുകൈകളും തലയിലേക്ക് ചൂണ്ടി തലച്ചോർ ഉപയോഗിക്കാൻ ആംഗ്യം കാട്ടി. ത്രോയിൽ ധോണിയുടെ നീരസം മുഖത്ത് പ്രകടമായിരുന്നു. ഇത്തരത്തിൽ ഇല്ലാത്ത റൺസ് നേടിക്കൊടുത്തതിനാണ് ധോണി റാഷിദിനോട് ദേഷ്യപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉടനെ വൈറലാകുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |