തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിൽ ഉറവിടം കണ്ടെത്താനാകാതെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതിനിടയിൽ ഫെബ്രുവരിയിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശങ്ങൾക്ക് പിന്നിൽ ആന്ധ്രാപ്രദേശ് സ്വദേശിയാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. വ്യാജ സന്ദേശം അയച്ചത് വാറങ്കൽ സ്വദേശി നിധീഷാണെന്ന് തെലങ്കാന പൊലീസും ഇന്റലിജൻസും സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.
ഫെബ്രുവരിയിൽ പൊലീസിന്റെ ഫേസ്ബുക്ക് മെസഞ്ചറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. 32 മണിക്കൂറിനുള്ളിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം. ഉടൻ തന്നെ പൊലീസും ആർപിഎഫും സംയുക്തമായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. സൈബർ സെൽ പരിശോധനയിൽ സന്ദേശം എത്തിയത് സെക്കന്ദരാബാദിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രത്യേക സംഘം അന്വേഷണത്തിനായി പോകുകയായിരുന്നു.
ഫേസ്ബുക്ക് അക്കൗണ്ട് ഐടി കമ്പനിയിലെ അക്കൗണ്ടിന്റേതായിരുന്നുവെന്നാണ് സംശയം. ഇയാളുടെ വീട്ടിൽ നിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു. എന്നാൽ അക്കൗണ്ടന്റ് കുറ്റം നിഷേധിക്കുകയായിരുന്നു. തന്റെ അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടാകാമെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഐപി വിലാസം അക്കൗണ്ടന്റിന്റേതാണെന്നും ഇയാളുടെ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് ഒന്നിലധികം ഇമെയിൽ ഐഡികൾ നിർമിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇമെയിൽ ഹാക്ക് ചെയ്ത് നിർമിച്ച ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഭീഷണി സന്ദേശം അയച്ചതെന്നും പൊലീസ് കണ്ടെത്തി. ഇയാളുടെ ഭാര്യ ഒരു ട്രാവൽ ഏജൻസിയിലെ ജീവനക്കാരിയാണ്. ഏജൻസിയുടെ ആവശ്യത്തിനായി ഇവരുടെയും ഭർത്താവിന്റെയും ഫോൺ നമ്പരുകളും മെയിൽ ഐഡികളും പലർക്കും കൈമാറുകയും പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുവഴിയാകാം നിധീഷ് ഹാക്ക് ചെയ്ത് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ചത്. കണ്ണൂരിലെ ബോംബ് ഭീഷണി കേസിലും നിധീഷിനെയാണ് സംശയിക്കുന്നതെന്നും കേരളത്തിലെ മറ്റ് ബോംബ് ഭീഷണികളുമായി ഇയാൾക്ക് ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |