ന്യൂഡൽഹി: കാശ്‌മീരിലെ നിയന്ത്രണ രേഖയിൽ തുടർച്ചയായ അഞ്ചാം രാത്രിയും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. പാക് സേനയ്ക്ക് തിരിച്ചടി നൽകിയതായി ഇന്ത്യൻ അധികൃതർ അറിയിച്ചു. കുപ്‌വാര, ബാരാമുള്ള ജില്ലകളിലും അഖ്‌നൂർ മേഖലയിലുമാണ് വെടിവയ്പ്പുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി മുതൽ നിയന്ത്രണ രേഖയിൽ വിവിധയിടങ്ങളിലായി പാകിസ്ഥാൻ സൈന്യം വെടിയുതിർക്കുകയാണ്. എന്നാൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, തീവ്രവാദത്തെ പിന്തുണച്ചുവെന്ന പാകിസ്ഥാന്റെ ഏറ്റുപറച്ചിലിൽ അതിശയമില്ലെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ പറഞ്ഞു. ആഗോള ഭീകരതയ്ക്ക് ഇന്ധനം നൽകുന്ന 'തെമ്മാടി രാഷ്ട്രം' ആണ് പാകിസ്ഥാൻ എന്നും ഇന്ത്യയുടെ പ്രതിനിധി, അംബാസഡർ യോജ്‌ന പട്ടേൽ പറഞ്ഞു.
ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്തതിന്റെ പാകിസ്ഥാൻ ചരിത്രം പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ കുറ്റസമ്മതം നടത്തിയത് ലോകം മുഴുവൻ കേട്ടു. ലോകത്തിന് ഇതിനുനേരെ കണ്ണടയ്ക്കാൻ കഴിയില്ലെന്ന് യോജ്‌ന പട്ടേൽ ചൂണ്ടിക്കാട്ടി. പഹൽഗാം ഭീകരാക്രമണത്തിൽ ലോകരാഷ്ട്രങ്ങളിൽ നിന്ന് ഇന്ത്യക്ക് ലഭിച്ച പിന്തുണയ്ക്കും അവർ നന്ദി അറിയിച്ചു. ഭീകരതയോട് അന്താരാഷ്ട്ര സമൂഹം കാണിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ തെളിവാണിതെന്നും യോജ്‌ന പട്ടേൽ പറഞ്ഞു.
അതിനിടെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാശ്‌മീരിന് പുറത്തുനിന്നുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. കാശ്മീർ പൊലീസിനും ഇന്റലിജൻസ് ഏജൻസികൾക്കുമാണ് നിർദേശം ലഭിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് നേരെ ആക്രമണ സാദ്ധ്യതയുള്ളതായി റിപ്പോർട്ട് ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |