തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ കാറിടിച്ച് ഓട്ടോ കത്തി ഡ്രൈവർ വെന്തുമരിച്ചു. വിഴവൂർ കുണ്ടമൺഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വിളവൂർക്കൽ പെരുകാവ് അശ്വതിഭവനിൽ ഭാസ്‌ക്കരന്റെയും കോമളത്തിന്റെയും മകൻ ബി.ശിവകുമാർ (സുനി - 47) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 3ന് പട്ടത്ത് വച്ച് പത്തൊൻപതുകാരൻ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. സംഭവസ്ഥലത്തുതന്നെ ഇതേകാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികർക്കും പരിക്കേറ്റു. ശിവകുമാറിനൊപ്പം ഓട്ടോയിലുണ്ടായിരുന്ന സുഹൃത്ത് വിളപ്പിൽ ചൊവ്വള്ളൂർ സ്വദേശി അജിത് കുമാർ,ബൈക്ക് യാത്രികരായ പട്ടം ചാലക്കുഴി ലെയ്‌നിൽ അഖിൽ,അഞ്ജു,കാറോടിച്ചിരുന്ന ശ്രീകാര്യം ഗാന്ധിപുരം സ്വദേശി അയാൻ (19) എന്നിവർക്ക് പരിക്കേറ്റു. ഗുരുതരമായി പൊള്ളലേറ്റ അജിത് കുമാറിനെ മെഡിക്കൽ കോളേജ് ബേൺ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയാന്റെ പരിക്ക് നിസാരമാണ്.പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപത്തായിരുന്നു അപകടം. നിർമ്മാണത്തൊഴിലാളികളായ ശിവകുമാറും അജിത്തും ഓട്ടോയിൽ പോത്തൻകോട് പണിസ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു.അപകടസ്ഥലത്തിന് തൊട്ടടുത്തുള്ള ഇടവഴിയിൽ നിന്ന് റോഡിലേക്ക് കയറിയ ബൈക്ക് കേശവദാസപുരത്തേക്ക് പോകാൻ യുടേൺ എടുത്തു. ഈ സമയം പിന്നാലെയെത്തിയ ഓട്ടോ ബ്രേക്കിടുകയും അമിതവേഗതയിലെത്തിയ കാർ ഓട്ടോയിലേക്കും ബൈക്കിലേക്കും പാഞ്ഞുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികർ തെറിച്ചുവീണു.ഓട്ടോയിൽ സൂക്ഷിച്ചിരുന്ന നിർമ്മാണയന്ത്രങ്ങളിലുണ്ടായിരുന്ന പെട്രോളാണ് ഓട്ടോ തീപിടിക്കാൻ കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.
സമീപത്തെ കെട്ടിടത്തിലെ സുരക്ഷാജീവനക്കാരനും രണ്ട് വഴിയാത്രക്കാരനും ദുരന്തം കണ്ട് ഓടിയെത്തി. ഇവരാണ് ഓട്ടോയുടെ പിൻസീറ്റിൽ കുടുങ്ങിയ അജിത്ത് കുമാറിനെ പുറത്തെടുത്തത്.ഓട്ടോയുടെ മുൻഭാഗം ഞെരുങ്ങിയതിനാൽ ഇതിനിടയിൽ കുടുങ്ങിയ ശിവകുമാറിനെ പുറത്തെടുക്കാനായില്ല. ഓട്ടോയ്ക്ക് സമീപത്തേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികയുടെ തലയ്ക്ക് പൊള്ളലേറ്റെങ്കിലും ഇവരെ രക്ഷിക്കാനായി. മെഡിക്കൽ കോളേജ് പൊലീസും ഫയർഫോഴ്സും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവകുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. കാറോടിച്ചിരുന്ന അയാന്റെ രക്തസാമ്പിൾ പരിശോധിച്ചതിൽനിന്ന് ഇയാൾ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായതായി മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. അയാൻ ഹൈദരാബാദിൽ വിദ്യാർത്ഥിയാണ്.
ശിവകുമാറിന്റെ സഹോദരൻ ഉണ്ണി വിദേശത്താണ്. മൃതദേഹം ഇന്നലെ വൈകിട്ട് നാലരയോടെ സഹോദരി സന്ധ്യയുടെ വീടായ പാമാംകോട് വെള്ളൈക്കോണം സുധീഷ് ഭവനിൽ പൊതുദർശനത്തിന് വച്ചശേഷം പുത്തൻകോട്ട ശ്‌മശാനത്തിൽ സംസ്‌കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |