ഉപഭോക്താക്കളുടെ വാങ്ങൽ താത്പര്യങ്ങൾ മാറുന്നു
മാരുതി വാഴുന്നു, ടാറ്റ മോട്ടോഴ്‌സ് തളരുന്നു
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടെയിലും ഇന്ത്യയിലെ കാർ വിപണി മികച്ച വിൽപ്പനയുമായി കുതിപ്പ് തുടരുന്നു. ആഭ്യന്തര സാമ്പത്തിക മേഖല കരുത്തോടെ നീങ്ങുന്നതും കാർഷിക രംഗത്തെ ഉണർവും ഗ്രാമീണ ഉപഭോഗത്തിലെ ആവേശവുമാണ് ഇന്ത്യയിൽ കാർ വിൽപ്പന കുത്തനെ ഉയർത്തുന്നത്. ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്ക നടപടികൾ ലോകമെമ്പാടുമുള്ള വിപണികളെ ആശങ്കയിലാക്കിയെങ്കിലും ഇന്ത്യയിൽ കാർ വിൽപ്പന ടോപ്പ് ടിയറിൽ തുടർന്നു. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി വിപണിയിലെ മേധാവിത്തം തുടരുകയാണെങ്കിലും ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ് എന്നിവയ്ക്ക് വിപണിയിൽ കാലിടറുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കിയ എന്നിവ ഇന്ത്യൻ ഉപഭോക്താക്കളുടെ മനസ് കീഴടക്കി മികച്ച വിൽപ്പന വളർച്ച നേടുന്നു. സ്‌പോർട്ട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾക്ക് പ്രിയമേറുന്നതാണ് മഹീന്ദ്രയ്ക്കും കിയയ്‌ക്കും അനുകൂലമാകുന്നത്. ടൊയോട്ട കിർലോസ്കർ, ജെ.എസ്.ഡബ്‌ള‌്യു എം. ജി മോട്ടോർ ഇന്ത്യ എന്നിവയും കഴിഞ്ഞ മാസം വിൽപ്പനയിൽ കുതിപ്പുണ്ടാക്കി. വൈദ്യുതി വാഹനമായ എം. ജി വിൻഡ്‌സറിന്റെ കരുത്തിലാണ് ജെ.എസ്.ഡബ്‌ള‌്യു എം. ജി മോട്ടോർ ഇന്ത്യ മുന്നേറിയത്.
മാരുതി സുസുക്കി വിൽപ്പനയിൽ ഏഴ് ശതമാനം വർദ്ധന
ഏപ്രിലിൽ മാരുതി സുസുക്കിയുടെ കാർ വിൽപ്പന ഏഴ് ശതമാനം ഉയർന്ന് 1,79,791 യൂണിറ്റുകളായി. മുൻവർഷം ഇക്കാലയളവിൽ വിൽപ്പന 1,68,089 യൂണിറ്റുകളായിരുന്നു. ആഭ്യന്തര വിപണിയിലെ വിൽപ്പന നേരിയ തോതിൽ ഉയർന്ന് 1,37,952 യൂണിറ്റുകളായി. ഇക്കാലയളവിൽ 27,911 കാറുകളാണ് മാരുതി കയറ്റി അയച്ചത്. ബ്രെസ, എർട്ടിഗ, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ഇൻവിക്ടോ, ജിമ്മി, എക്സ്.എൽ 6 എന്നിവയുടെ വിൽപ്പനയിലുണ്ടായ ഉണർവാണ് മാരുതി സുസുക്കിക്ക് നേട്ടമായത്. അതേസമയം ചെറു, ഇടത്തരം കാറുകളുടെ വിൽപ്പനയിൽ മാരുതി കനത്ത തിരിച്ചടി നേരിട്ടു.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര
മുൻനിര ആഭ്യന്തര കമ്പനിയായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കാർ വിൽപ്പന ഏപ്രിലിൽ 19 ശതമാനം ഉയർന്ന് 84,170 യൂണിറ്റുകളായി. ആഭ്യന്തര വിപണിയിലെ യാത്രാ വാഹനങ്ങളുടെ വിൽപ്പന 27.61 ശതമാനം വർദ്ധനയോടെ 52,330 യൂണിറ്റുകളായി. യൂട്ടിലിറ്റി വാഹനങ്ങളുടെ മേഖലയിലാണ് മഹീന്ദ്ര വലിയ തരംഗം സൃഷ്‌ടിക്കുന്നത്. ലൈറ്റ് കോമേഴ്‌സ്യൽ വാഹന വിൽപ്പനയിൽ നേരിയ ഇടിവുണ്ടെങ്കിലും എസ്.യു.വി വിൽപ്പനയിൽ മികച്ച ഉണർവുണ്ടായി. സൗത്ത് ആഫ്രിക്ക ഉൾപ്പെടെയുള്ള വിപണികളിലും മഹീന്ദ്ര മികച്ച വിൽപ്പനയാണ് നേടുന്നത്. എക്‌സ്.യു.വി 700, എക്സ്.യു.വി 3എക്‌സ് 0 എന്നിവയാണ് വിപണിയിൽ തരംഗമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |