ബെർക്‌ഷയറിന്റെ ചെയർമാൻ പദത്തിലേക്ക് ബഫറ്റ്
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ധനകാര്യ കമ്പനിയായ ബെർക്‌ഷയറിന്റെ നേതൃ പദവിയിൽ നിന്ന് അമേരിക്കൻ ശതകോടീശ്വരൻ വാറൻ ബഫറ്റ് വിരമിക്കുന്നു. ബെർക്‌ഷയറിന്റെ പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി ഗ്രെഗ് എബൽ അടുത്ത വർഷം ചുമതലയേൽക്കും. എന്നാൽ കമ്പനിയുടെ ചെയർമാനായി 94 വയസുള്ള വാറൻ ബഫറ്റ് തുടരുമെന്ന് ബെർക്‌ഷയർ ഹാത്ത്‌വേയുടെ ഡയറക്‌ടർ ബോർഡ് ഇന്നലെ വ്യക്തമാക്കി. 2026 ജനുവരി ഒന്നിന് ഗ്രെഗ് എബൽ പുതിയ പദവി ഏറ്റെടുക്കും.
1.18 ലക്ഷം കോടി ഡോളർ ആസ്തിയുള്ള വൻകിട നിക്ഷേപ കമ്പനിയുടെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നാണ് എബൽ പുതിയ ചുമതലയേറ്റെടുക്കുന്നത്.
ആഗോള മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളും വ്യാപാര യുദ്ധവും അടക്കമുള്ള പ്രതിസന്ധിക്കാലത്ത് വാറൻ ബഫറ്റ് സ്ഥാനമൊഴിയുന്നതിൽ നിക്ഷേപകർ ആശങ്ക പ്രകടിപ്പിച്ചതിനാലാണ് അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്ത് നിലനിറുത്തുന്നത്.
ഇന്നലെ ബെർക്‌ഷയറിന്റെ ഓഹരി വില വ്യാപാരത്തിന്റെ തുടക്കത്തിൽ രണ്ട് ശതമാനം ഇടിഞ്ഞു.
ആഗോള ഓഹരി വിപണിയിലെ തിളങ്ങുന്ന നക്ഷത്രമായ വാറൻ ബഫറ്റ് അറുപത് വർഷത്തെ മികവുറ്റ പ്രവർത്തനത്തിന് ശേഷമാണ് വൻകിട നിക്ഷേപ കമ്പനിയിൽ നിന്ന് പടിയിറങ്ങുന്നത്.
ബന്ധത്തെക്കാൾ പ്രധാനം കഴിവ്
പിൻഗാമിയെ നിശ്ചയിക്കുന്നതിൽ ബന്ധത്തെക്കാൾ കഴിവിനാണ് വാറൻ ബഫറ്റ് പ്രാധാന്യം നൽകിയത്. മൂന്ന് മക്കളാണ് വാറൻ ബഫറ്റിനുള്ളത്. ഹൊവാർഡ്, പീറ്റർ, അന്തരിച്ച സൂസൻ ആലീസ് ബഫറ്റ് എന്നിവരാണിത്. ഇവർക്ക് ആസ്തികൾ വീതിച്ച് നൽകിയെങ്കിലും ബെർക്‌ഷെയറിന്റെ പാരമ്പര്യം കുടുംബത്തിന് പുറത്തുള്ള കഴിവുള്ളവർക്ക് കൈമാറുന്നതിനാണ് അദ്ദേഹം തീരുമാനിച്ചത്. മക്കൾക്ക് കമ്പനിയിൽ പദവികളും അദ്ദേഹം നൽകിയിട്ടില്ല. കാനഡ വംശജനാണ് പുതിയ സി.ഇ.ഒ ഗ്രെഗ് എബൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |