കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും അക്കാഡമിക മികവ് പുലർത്തുന്നവരുമായ വിദ്യാർത്ഥികൾക്ക് മെഡിക്കൽ, നഴ്‌സിംഗ്, ബി.ഫാം ഉപരിപഠനത്തിനുള്ള മുഴുവൻ ഫീസും സ്‌കോളർഷിപ്പായി നൽകാൻ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും സാമൂഹ്യപ്രവർത്തകനുമായ ഡോ. ആസാദ് മൂപ്പൻ പദ്ധതി പ്രഖ്യാപിച്ചു. ഡോ. മൂപ്പൻസ് ലെഗസി സ്‌കോളർഷിപ്പ് ആൻഡ് ഫെലോഷിപ്പ്‌സ് പ്രോഗ്രാം ആസാദ് മൂപ്പന്റെ പിറന്നാൾ ദിനത്തിൽ ഇന്നലെ കൊച്ചിയിൽ പ്രഖ്യാപിച്ചു. ഇന്നുമുതൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
പണമില്ലാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിയും മെഡിസിൻ പഠനം ഉപേക്ഷിക്കാതിരിക്കാനാണ് സ്‌കോളർഷിപ്പെന്ന് ആസാദ് മൂപ്പൻ പറഞ്ഞു. നീറ്റ് പരീക്ഷയിൽ മുൻപന്തിയിലുള്ള അഞ്ച് പേർക്ക് മെഡിക്കൽ സ്‌കോളർഷിപ്പ് ലഭിക്കും. നഴ്‌സിംഗ്, ബി.ഫാം എന്നീ കോഴ്‌സുകളിലേക്ക് 10 വീതം പേർക്ക് സ്‌കോളർഷിപ്പ് ലഭിക്കും. 80 ശതമാനം മാർക്കും അപേക്ഷകരുടെ സാമ്പത്തിക സ്ഥിതിയും കണക്കിലെടുത്താണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. പഠനകാലയളവിൽ അക്കാഡമിക മികവ് പുലർത്തുകയും സ്‌കോളർഷിപ്പ് മാനദണ്ഡങ്ങൾ പിന്തുടരുകയും ചെയ്യണം.
അഞ്ച് വർഷക്കാലയളവിൽ 125 വിദ്യാർത്ഥികൾക്കായി മൂന്ന് കോടി രൂപ നൽകും. വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ, നഴ്‌സിംഗ്, ഫാർമസി കോളെജുകളിലാണ് പഠനാവസരം. ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ഡി.എം.ഇ.ആർ.എഫ് ട്രസ്റ്റിയുമായ അലീഷാ മൂപ്പൻ, ഡയറക്ടർ അനൂപ് മൂപ്പൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |