തിരുവനന്തപുരം: വിദേശ മലയാളിയും വ്യവസായിയുമായ വനിതയെ അപകീർത്തിപ്പെടുത്തി വാർത്തനൽകിയെന്ന പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയെ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്തു. എന്നാൽ രാത്രി വൈകിയോടെ ജാമ്യം ലഭിച്ചു.
യു.എ.ഇയിൽ വ്യവസായിയായ മാഹി സ്വദേശി ഗാന വിജയൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. കുടപ്പനക്കുന്നിലെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി 9.30ഓടെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു നടപടി. വീട്ടിൽ നിന്ന് ഷർട്ടുപോലുമിടാതെ ലുങ്കി മാത്രം ധരിച്ചിരുന്ന ഷാജൻ സ്കറിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. തുടർന്ന് അഡിഷണൽ ഫസ്റ്റ് ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ശ്വേത ശശികുമാറിന്റെ വീട്ടിലെത്തിച്ചു. എഫ്.ഐ.ആർ പരിശോധിച്ച മജിസ്ട്രേറ്റ് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
അപകീർത്തികരവും മോശം ഭാഷകളുമുപയോഗിച്ചുള്ള വീഡിയോ മറുനാടൻ മലയാളിയുടെ യൂട്യൂബ് ചാനലിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കും ഗാന വിജയൻ ഇ-മെയിൽ വഴി പരാതി നൽകിയിരുന്നു. ഇവർ വഞ്ചിയൂരിലെ എ.സി.ജെ.എം കോടതിയിൽ നേരിട്ട് ഹാജരായി രഹസ്യമൊഴി നൽകിയിരുന്നു.
നാടകീയ രംഗങ്ങൾ
ഷാജൻ സ്കറിയയെ കസ്റ്റഡിയിലെടുത്തത് മുതൽ നാടകീയ രംഗങ്ങളായിരുന്നു. രാത്രി കുടപ്പനക്കുന്നിലെ വീട്ടിൽ ഷാജനുണ്ടെന്ന് സ്ഥിരീകരിച്ച സൈബർ പൊലീസ് രാത്രി 9.30ന് വീട്ടിലെത്തി. ഈ സമയം മാതാപിതാക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു ഷാജൻ. ഉടൻ തന്നെ പിടികൂടി ജീപ്പിൽ കയറ്റി സൈബർ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പിണറായിസം തുലയട്ടെ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചാണ് ഷാജൻ ജീപ്പിനുള്ളിലേയ്ക്ക് കയറിയത്. മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചപ്പോൾ പൊലീസ് ഷർട്ട് നൽകിയെങ്കിലും ഷാജൻ നിരസിച്ചു. പിന്നീട് വക്കീലാണ് ഷർട്ട് നൽകിയത്.
കള്ളക്കേസെന്ന് ഷാജൻ സ്കറിയ
തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് ഷാജൻ സ്‌കറിയ പറഞ്ഞു. പരാതി എന്താണെന്ന് പറഞ്ഞിട്ടില്ലെന്നും ഒരു പേപ്പറിൽ ഒപ്പിട്ട് നിങ്ങളെ അറസ്റ്റ് ചെയ്യുന്നുവെന്ന് മാത്രമാണ് പൊലീസ് പറഞ്ഞത്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വാർത്ത നൽകിയതിന്റെ വിരോധത്തിലാണ് നടപടിയെന്ന് ഷാജൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |