തിരുവനന്തപുരം : വയറ്റിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയിലെ (ലിപ്പോസക്ഷൻ) പിഴവിനെ തുടർന്ന് ഒൻപത് വിരലുകൾ നഷ്ടപ്പെട്ട യുവതി സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുന്നു. തിങ്കളാഴ്ചയാണ് വിരലുകൾ മുറിച്ചത്. ഇതോടൊപ്പം വയറ്റിലെ വലിയ മുറിവ് കാലിലെ തൊലിവെട്ടി തുന്നിച്ചേർത്തു. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ സോഫ്റ്റ്‌വയർ എൻജിനിയർ എം.എസ്.നീതുവിനാണ് (31)ദുരനുഭവം. കഴക്കൂട്ടം കുളത്തൂരിലെ സ്വകാര്യ സൗന്ദര്യവർദ്ധക ആശുപത്രിയായ കോസ്‌മെറ്റിക്സിലാണ് ശസ്ത്രക്രിയ നടന്നത്. ലിപ്പോസക്ഷൻ ശസ്ത്രക്രിയയ്ക്കിടെ കൊഴുപ്പ് രക്തത്തിൽ കലർന്നതാണ് (ഫാറ്റ് എംബോളിസം) സങ്കീർണമായത്. ഇത് യഥാസമയം കണ്ടെത്താൻ കഴിഞ്ഞില്ല. നീതുവിന്റെ ഭർത്താവ് പത്മജിത്ത് കഴക്കൂട്ടം എ.സി.പി ജെ.കെ.ദിനിലിന് നൽകിയ പരാതിയിൽ തുമ്പ പൊലീസ് കേസെടുത്തു. തുടർന്ന് ആശുപത്രി അടപ്പിച്ചു. ഉടമസ്ഥനായ ഡോ.ബിബിലാഷ് ബാബുവിനെ കസ്റ്റഡിയിലെടുത്തിട്ടില്ല. നീതുവിന്റെ ജീവൻരക്ഷിക്കാൻ 30ലക്ഷം രൂപയാണ് ഇതുവരെ ചെലവായത്.
തുടർ ചികിത്സയ്ക്ക് ചെലവായ തുക നൽകാമെന്ന് ഡോ.ബിബിലാഷ് ബാബു ഒത്തുതീർപ്പ് ചർച്ചയിൽ പറഞ്ഞതായാണ് വിവരം. സംഭവത്തിൽ വിദഗ്ദ്ധരുടെ സമിതി രൂപീകരിച്ച് അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർ വിജിലൻസ് വിഭാഗത്തിന് നിർദ്ദേശം നൽകി. ഡി.എം.ഒയും അന്വേഷണത്തിന് റിപ്പോർട്ട് നൽകും. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ആശുപത്രിയുടെ പ്രവർത്തനമെന്നാണ് വിവരം. നീതുവിന്റെ ഡിസ്ചാർജ് സമ്മറിയിൽ പേട്ടയിലുള്ള ക്ലിനിക്കിന്റെ മേൽവിലാസമാണെന്ന് ആരോപണമുണ്ട്. അതിപ്പോൾ നിലവിലില്ലാത്തതാണ്.
വെന്റിലേറ്ററിൽ 22ദിവസം
യു.എസ്.ടി ഗ്ലോബലിലെ ജീവനക്കാരിയായ നീതു ഓഫീസിന് സമീപത്തെ കോസ്‌മെറ്റിക്സിൽ ശസ്ത്രക്രിയയ്ക്ക് അഡ്മിറ്റായത് ഫെബ്രുവരി 22നാണ്. 23ന് രാവിലെ ഒമ്പതോടെ നീതുവിനെ വീട്ടിലേക്ക് വിട്ടു. ഉച്ചയോടെ നീതുവിന് ശാരീരിക അസ്വസ്ഥതകളുണ്ടായി ഛർദ്ദിച്ചു. രക്തസമ്മർദം കുറഞ്ഞ് സ്ഥിതി മോശമായപ്പോൾ ഭർത്താവ് പത്മജിത്ത് ക്ലിനിക്കുമായി ബന്ധപ്പെട്ടെങ്കിലും ഞായറാഴ്ച ഡോക്ടർമാരില്ലെന്ന മറുപടിയാണ് ലഭിച്ചത്. തിങ്കൾ രാവിലെയെത്താനും പറഞ്ഞു. തിങ്കളോടെ നീതുവിന്റെ സ്ഥിതി അതീവ ഗുരുതരമായി. ഇതോടെയാണ് അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയത്. 22 ദിവസം ഇവിടെ വെന്റിലേറ്ററിലായിരുന്ന നീതുവിന്റെ
നില മെച്ചപ്പെട്ടതോടെയാണ് രക്തയോട്ടം നഷ്ടപ്പെട്ട ഇടതു കാലിലെ അഞ്ചും ഇതുകൈയിലെ നാലും വിരലുകൾ മുറിച്ചുമാറ്റിയത്. ഒരു അമേരിക്കൻ കമ്പനിയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിനിടെയാണ് ഈ ദുരനുഭവം.
''യാതൊരു ഉത്തരവാദിത്വവും കാണിക്കാതെയാണ് സ്ഥാപനം പെരുമാറിയത്. നീതുവിന്റെ കരിയറും ജീവിതവുമില്ലാതായി. ഇനിയും എത്ര രൂപ വേണ്ടിവരുമെന്ന് അറിയില്ല.
-പത്മജിത്ത്
നീതുവിന്റെ ഭർത്താവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |