ന്യൂഡൽഹി: ഇന്ത്യയുടെ റോക്കറ്റുകൾ 140 കോടി ജനങ്ങളുടെ സ്വപ്നങ്ങൾ വഹിക്കുന്നവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാദൗത്യം ‘ഗഗൻയാൻ’, ബഹിരാകാശ സാങ്കേതികവിദ്യയിൽ രാജ്യത്തിന്റെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഉടൻ സംയുക്ത ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാരൻ ബഹിരാകാശത്തേക്കു യാത്ര ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ആഗോള ബഹിരാകാശ പര്യവേക്ഷണ സമ്മേളനത്തിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബഹിരാകാശം വെറുമൊരു ലക്ഷ്യസ്ഥാനമല്ല. ജിജ്ഞാസയുടെയും ധൈര്യത്തിന്റെയും കൂട്ടായ പുരോഗതിയുടെയും പ്രഖ്യാപനംകൂടിയാണ്. 1963ൽ ചെറിയ റോക്കറ്റ് വിക്ഷേപിച്ചതുമുതൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ആദ്യമായി ഇറങ്ങിയ രാഷ്ട്രമാകുന്നതുവരെയുള്ള ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ ഈ മനോഭാവം പ്രതിഫലിപ്പിക്കുന്നു. ഇന്ത്യ കുറഞ്ഞ സമയത്തിനുള്ളിൽ ക്രയോജനിക് എൻജിനുകൾ വികസിപ്പിച്ചെടുത്തു. ഒറ്റ ദൗത്യത്തിൽ 100 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. ഇന്ത്യൻ വിക്ഷേപണ വാഹനങ്ങൾ ഉപയോഗിച്ച് 34 രാജ്യങ്ങൾക്കായി 400-ലധികം ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു.
ബഹിരാകാശത്തു രണ്ടുപഗ്രഹങ്ങളുടെ ഡോക്കിങ് സാധ്യമാക്കിയ ഇന്ത്യയുടെ ഏറ്റവും പുതിയ നേട്ടം ബഹിരാകാശ പര്യവേക്ഷണത്തിലെ പ്രധാന ചുവടുവയ്പ്പാണെന്നും മോദി വിശേഷിപ്പിച്ചു.
2040 ആകുമ്പോഴേക്കും ഇന്ത്യൻ ബഹിരാകാശയാത്രികൻ ചന്ദ്രനിൽ കാലു കുത്തും. ചൊവ്വയും ശുക്രനും ഇന്ത്യയുടെ ഭാവി ബഹിരാകാശ അഭിലാഷങ്ങളിൽ പ്രധാന ലക്ഷ്യങ്ങളായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |