തിരുവനന്തപുരം: അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങൾക്ക് ത്രിതല സുരക്ഷാ കവചം.
സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫ് അതീവജാഗ്രതയിലാണ്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും സർവീസ് തടസപ്പെട്ടില്ല.
സുരക്ഷാ പരിശോധന ശക്തമാക്കിയതിനാൽ യാത്രക്കാർ മൂന്നുമണിക്കൂർ മുമ്പെങ്കിലും വിമാനത്താവളങ്ങളിലെത്തണം.
പ്രാഥമിക സുരക്ഷാപരിശോധനകൾക്ക് പുറമെ സെക്കൻഡറി ലാഡർ പോയിന്റ് പരിശോധന നിർബന്ധമാക്കി. വിമാനത്തിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് വാതിലിന് സമീപം നടത്തുന്ന സുരക്ഷാ പരിശോധനയാണിത്. പൈലറ്റുമാർ, ക്രൂഅംഗങ്ങൾ, ഗ്രൗണ്ട് സ്റ്റാഫ് എന്നിവരും പരിശോധനയ്ക്ക് വിധേയരാവണം. തിരിച്ചറിയൽ രേഖകളും ഹാൻഡ്‌ബാഗുകളും പരിശോധിച്ചുറപ്പിക്കും. ഇതിനായി ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകളുപയോഗിക്കും.
സംശയകരമായ ബാഗുകളെല്ലാം പരിശോധിക്കും. കൂടുതൽ ഡോഗ്, ബോംബ് സ്ക്വാഡിനെയും പരിശോധനയ്ക്ക് നിയോഗിച്ചു. പൊലീസും സി.ഐ.എസ്.എഫടക്കം കേന്ദ്ര ഏജൻസികളും യോജിച്ചാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങൾ ഡ്രോൺ ഉപയോഗിച്ച് ആക്രമിക്കുമെന്ന് വ്യാജ ഇ-മെയിൽ ഭീഷണിയുണ്ടായിരുന്നു. വിമാനത്താവളങ്ങളിൽ വാഹന പരിശോധനയടക്കം ശക്തമാക്കി. സന്ദർശകരെ അകത്തേക്ക് കടത്തില്ല.
സർവീസുകളെല്ലാം സാധാരണപോലെ നടത്തിയതായി തിരുവനന്തപുരം വിമാനത്താവള അധികൃതർ അറിയിച്ചു. സുരക്ഷാപരിശോധനകൾ കാരണം യാത്രക്കാരുടെ കാത്തിരിപ്പ് സമയം കൂടുതലായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |