ആലപ്പുഴ: ചേർത്തലയിൽ വീട്ടുവളപ്പിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെടുത്ത ശരീരാവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം. ദൂരൂഹസാഹചര്യത്തിൽ രണ്ടു സ്ത്രീകളെ കാണാതായ കേസിന്റെ അന്വേഷണത്തിനിടെയാണ് വസ്തു ഇടനിലക്കാരന്റെ വീട്ടുവളപ്പിൽ നിന്നും കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തത്. കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ചേർത്തല പള്ളിപ്പുറം 9ാം വാർഡ് ചെങ്ങുംതറവീട്ടിൽ സെബാസ്റ്റ്യന്റെ (65) വീട്ടുവളപ്പിൽ നിന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മരിച്ചത് കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മ ആണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധനയ്ക്ക് ജയ്നമ്മയുടെ കുടുംബം ഇന്ന് സാമ്പിൾ നൽകും.
ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദു പത്മനാഭൻ (47), ജയ്നമ്മ എന്നിവരെ കാണാതായ സംഭവങ്ങളിൽ സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ചിന്റെ സംശയ നിഴലിലായിരുന്നു. ലഭിച്ച അവശിഷ്ടങ്ങളിൽ ശാസ്ത്രീയപരിശോധന നടത്തിയാലേ ഇത് കാണാതായ സ്ത്രീകളിലാരുടേതെങ്കിലുമാണോയെന്ന് തിരിച്ചറിയാനാകുകയുള്ളൂവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ മുതൽ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിൽ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ പരിശോധന തുടങ്ങിയിരുന്നു. ഉച്ചയ്ക്കുശേഷമാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്. ഇതോടെ വീടും പരിസരവും പൊലീസ് ബന്തവസിലാക്കി. സെബാസ്റ്റ്യനിൽ നിന്നുലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ശാസ്ത്രീയ പരിശോധനാസംഘവും വിരലടയാള വിദഗ്ദ്ധരുമടക്കം വൻ പൊലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധന രാത്രി വൈകിയും തുടർന്നു. ബിന്ദു പത്മനാഭന്റെ തിരോധാനം അന്വേഷിക്കുന്ന ആലപ്പുഴ ക്രൈബ്രാഞ്ച് എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് എത്തിയിരുന്നു.
കടക്കരപ്പള്ളി ആലുങ്കൽ പത്മനിവാസിൽ ബിന്ദു പത്മനാഭനെ 2002 മുതൽ കാണാനില്ലെന്ന് 2017 സെപ്തംബർ 17നാണ് സഹോദരൻ പ്രവീൺ പൊലീസിൽ പരാതി നൽകിയത്. സെബാസ്റ്റ്യനാണ് തിരോധാനത്തിന് പിന്നിലെന്നായിരുന്നു പരാതിയിൽ. പൊലീസ് നടത്തിയ അന്വേഷണത്തിൽ സെബാസ്റ്റ്യനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു.
കോട്ടയം ഏറ്റുമാന്നൂർ കോട്ടമുറി ജയ്നമ്മയെ 2024 ഡിസംബർ 23 മുതലാണ് കാണാതായത്. 28ന് സഹോദരൻ സാവിയോ മാണിയും പിന്നീട് ഭർത്താവ് അപ്പച്ചനും പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ ഇവരുടെ ഫോണിന്റെ ടവർ ലൊക്കേഷൻ അവസാനമായി പള്ളിപ്പുറത്താണ് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |