ഇന്ത്യ- പാകിസ്ഥാൻ വെടിനിറുത്തലിനെക്കുറിച്ച് വ്യത്യസ്ത നിലപാടുകളാണ് ഇന്ത്യയും അമേരിക്കയും എടുത്തിട്ടുള്ളത്. ഇന്ത്യയുടെ അഭിപ്രായത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ഡി.ജി.എം.ഒ തലത്തിൽ നടന്ന ചർച്ചകളുടെ ഫലമായിട്ടാണ് വെടിനിറുത്തിയത്. എന്നാൽ തങ്ങളുടെ മദ്ധ്യസ്ഥതയിലാണ് വെടിനിറുത്തലിലേക്ക് എത്തിച്ചേർന്നതെന്ന് അമേരിക്ക ഔദ്യോഗികമായി അവകാശപ്പെട്ടിട്ടുണ്ട്. ട്രംപ് തന്റെ ഫേസ്ബുക്ക് പേജിൽ തങ്ങളുടെ മദ്ധ്യസ്ഥതയിൽ നടന്ന ഏറ്രവും ബുദ്ധിപരമായ തീരുമാനമെന്നാണ് വെടിനിറുത്തലിനെ വിശേഷിപ്പിച്ചത്. അമേരിക്കൻ മദ്ധ്യസ്ഥതയിലാണ് വെടിനിറുത്തലിലേക്ക് എത്തിച്ചേർന്നതെന്ന് പാകിസ്ഥാനും പറഞ്ഞിട്ടുണ്ട്. എന്താണ് ഇത് ഇത്ര വിവാദവും വ്യത്യസ്തവുമാകാനുള്ള കാരണം?
ഇന്ത്യൻ നിലപാട്
കാശ്മീർ സംബന്ധിച്ച വിഷയങ്ങളെല്ലാം തന്നെ ഇന്ത്യ തങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളായാണ് കരുതുന്നത്. അതിനാൽ മൂന്നാംകക്ഷികളുടെ ഇടപെടലോ മദ്ധ്യസ്ഥതയോ ഇന്ത്യ ആവശ്യപ്പെടുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. 1972ലെ ഷിംല കരാറിലെ സുപ്രധാന വ്യവസ്ഥകളിൽ ഒന്നാണിത്.
മറ്റ് സുഹൃത് രാജ്യങ്ങളൊക്കെ ഇത്തരം സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ സൗഹൃദപരമായ സഹായങ്ങൾ നടത്താറുണ്ടെങ്കിലും അതൊരിക്കലും മൂന്നാംകക്ഷി മദ്ധ്യസ്ഥതയായി കാണാറില്ല. ബിൽ ക്ലിന്റന്റെ ഭരണകാലത്ത് ഇന്ത്യ- പാകിസ്ഥാൻ പ്രശ്നങ്ങളിൽ ഇടപെടാൻ യു.എൻ വേദി വരെ അമേരിക്ക ഉപയോഗിച്ചെങ്കിലും ഇന്ത്യ അംഗീകരിച്ചില്ല. ഈ പ്രഖ്യാപിത നിലപാടിനെത്തുടർന്നാണ് മറ്റ് രാജ്യങ്ങളുടെ സഹായം ഉണ്ടായിട്ടുണ്ടെങ്കിലും ഇതൊരു മദ്ധ്യസ്ഥ ഇടപെടലായി ഇന്ത്യ കണക്കാക്കാത്തത്.
കഴിഞ്ഞദിവസം എത്തിച്ചേർന്ന വെടിനിറുത്തൽ ഒരു ധാരണ മാത്രമാണ്. വിശദ വിവരങ്ങളും മറ്റ് വ്യവസ്ഥകളും ഒക്കെ നടക്കാനിരിക്കുന്ന ഇന്ത്യ- പാക് ഉഭയകക്ഷി ചർച്ചകളിലാവും തീരുമാനിക്കുക. അതുകൊണ്ടാണ് സിന്ധു നദീ കരാർ റദ്ദാക്കിയതുൾപ്പെടെയുള്ള തീരുമാനങ്ങൾ പിൻവലിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയത്.
അമേരിക്കൻ നിലപാടും വാദങ്ങളും
ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തിന്റെ ആദ്യഘട്ടത്തിൽ ഈ നാണംകെട്ട പരിപാടി ഇവർക്ക് അവസാനിപ്പിച്ചുകൂടെ എന്നാണ് ട്രംപ് പ്രതികരിച്ചത്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ഒരു പടി കൂടി കടന്ന് ഇത് ഞങ്ങളുടെ പ്രശ്നമേ അല്ലെന്ന് പരസ്യ നിലപാടെടുത്തു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ഉപദേശിച്ചു. ഈ നിലയിൽ നിന്ന് പെട്ടെന്നാണ് അമേരിക്ക തങ്ങൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചുവെന്ന് പരസ്യപ്പെടുത്തിയത്.
രാജ്യാന്തര പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സുഹൃത് രാജ്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. റഷ്യ- യുക്രെയിൻ, ഇസ്രയേൽ- പാലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയെയും പാകിസ്ഥാനെയും പോലുള്ള ആണവശക്തികൾ തമ്മിലുള്ള യുദ്ധം ഒഴിവാക്കേണ്ടത് അനിവാര്യമാണ്. അതിനായി അമേരിക്ക നിരന്തരമായി ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ടെന്ന് പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്ക മാത്രമല്ല, സൗദി അറേബ്യ, ഇറാൻ, യു.എ.ഇ, റഷ്യ ഇവരൊക്കെത്തന്നെ പ്രശ്നം രമ്യമായി പരിഹരിക്കാൻ സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഇതൊന്നും മദ്ധ്യസ്ഥ ശ്രമത്തിന്റെ ഭാഗമായി കാണേണ്ടതല്ല. അവരാരും അവകാശവാദം ഉന്നയിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ നിലപാട് വ്യത്യസ്തമാകുന്നത്.
ട്രംപിന്റെ സമൂഹമാദ്ധ്യമത്തിലെ പോസ്റ്റ്, അദ്ദേഹത്തിന്റെ വ്യക്തിപരമായ ശൈലിയുടെ പ്രകടനമാണ്. എന്തിന്റെയും ഏതിന്റെയും ക്രെഡിറ്റ് തന്നിലേക്ക് ആവാഹിക്കാൻ നടത്തുന്ന ശ്രമം കുപ്രസിദ്ധമാണല്ലോ. മറ്റൊന്ന് അമേരിക്ക വൻ ശക്തി ആണെന്നുള്ള തോന്നൽ സൃഷ്ടിക്കാനും തങ്ങളുടെ ശക്തിയിൽ കുറവ് വന്നിട്ടില്ലെന്ന് ലോകത്തെ അറിയിക്കാനും ഇവിടെ ശ്രമം നടത്തിയിട്ടുണ്ട്. കൂടാതെ ഇന്ത്യയെയും പാകിസ്ഥാനെയും പോലുള്ള രാജ്യങ്ങളുടെ തമ്മിലടിയുടെ പേരിൽ, അവരെ കുറ്റപ്പെടുത്താനുള്ള അവസരമായും അമേരിക്ക ഉപയോഗിച്ചിട്ടുണ്ട്.
വലിയൊരു പാഠം അമേരിക്കൻ നിലപാടിലുണ്ട്. അമേരിക്ക ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിയാണെന്ന് പറയുമ്പോഴും നമ്മുടെ വിചാരങ്ങൾ മാനിക്കാതെ സ്വന്തം കാര്യങ്ങൾക്കാണ് എപ്പോഴും പ്രാധാന്യം നൽകുക. ഈ സംഘർഷ സമയത്തും ഇന്ത്യയും പാകിസ്ഥാനും ഒരുപോലെ തങ്ങളുടെ സുഹൃത്തുക്കളാണെന്നാണ് ട്രംപ് പറഞ്ഞത്. പാകിസ്ഥാന്റെ നിലവിലെ ഭരണകൂടത്തിന് അമേരിക്കയുമായി അടുത്ത ബന്ധം ഉള്ളതാണ്. ഇമ്രാൻ ഖാനെ തടവിൽ പാർപ്പിച്ചിരിക്കുന്നത് അമേരിക്കയുടെ അറിവോടെയാണ്. കാരണം നിലവിലെ ഭരണകൂടം അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കുന്നു. തീവ്രവാദത്തിനെതിരെ യുക്തിഭദ്ര നിലപാടാണ് അമേരിക്ക എടുക്കുന്നതെങ്കിൽ ഐ.എം.എഫിന്റെ ലോൺ പാകിസ്ഥാന് കിട്ടേണ്ടതല്ല. അതുകൊണ്ടാണ് പാകിസ്ഥാൻ അമേരിക്കൻ മദ്ധ്യസ്ഥതയെ പരസ്യമായി അംഗീകരിച്ചതും നന്ദി പ്രകടിപ്പിച്ചതും.
ഇതെല്ലാം വിരൽചൂണ്ടുന്നത് ഇന്ത്യ- അമേരിക്ക ബന്ധത്തിന്റെ പരിമിതികളിലേക്കാണ്. എത്രയൊക്കെ കരാറുകളിൽ ഒപ്പിട്ടാലും സന്ദർശനങ്ങൾ നടത്തിയാലും സ്വന്തം താത്പര്യങ്ങളാണ് അമേരിക്കയ്ക്ക് പ്രധാനം. ഇതുപോലൊരു ചെറിയ കാര്യത്തിന് പോലും ഇന്ത്യയുടെ ഔദ്യോഗിക താത്പര്യത്തിനൊപ്പം നിൽക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞില്ലെങ്കിൽ എന്താണ് ഇന്ത്യ- യു.എസ് തന്ത്രപരമായ ബന്ധത്തിന്റെ അസ്ഥിത്വം? തീവ്രവാദത്തോട് സന്ധിയില്ലെന്ന അമേരിക്കൻ നിലപാടിന്റെ അർത്ഥമെന്ത്?
പാകിസ്ഥാന്റെ അപേക്ഷ
എന്തൊക്കെ അഭിപ്രായങ്ങൾ ഉന്നയിച്ചാലും എത്തിച്ചേർന്ന ധാരണയും അതിന്റെ വിശദാംശങ്ങളും ഇന്ത്യ- പാകിസ്ഥാൻ വിശദമായ ചർച്ചകളിലാണ് ഉരുത്തിരിയുന്നത്. അത് ഷിംല കരാർ പറയുന്ന ഉഭയകക്ഷി ചട്ടക്കൂടിലാണ് നടക്കേണ്ടത്. എങ്കിൽ മാത്രമേ വൻ ശക്തികളുടെ അനാവശ്യ ഇടപെടലുകൾക്കും കാശ്മീർ പ്രശ്നത്തെ അന്താരാഷ്ട്രവത്കരിക്കാനുള്ള ശ്രമങ്ങൾക്കും തടയിടാനാകൂ. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ്. ഇതു പരിഹരിക്കാൻ ഒരു മദ്ധ്യസ്ഥതയുടെയും ആവശ്യമില്ലെന്നാണ് ഇന്ത്യ എക്കാലത്തും പറഞ്ഞിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി അത് ഇന്നലെയും അസന്നിഗ്ദ്ധമായി വ്യക്തമാക്കി. മാത്രമല്ല, തങ്ങളുടെ പ്രശ്നം പരിഹരിക്കാനുള്ള ഇച്ഛാശക്തിയും ശേഷിയും തങ്ങൾക്കുണ്ടെന്നാണ് വെടിനിറുത്തൽ സമ്മതിച്ച ഇന്ത്യൻ നിലപാടിന്റെ അടിസ്ഥാനം. സത്യത്തിൽ നിൽക്കക്കള്ളിയില്ലാതെ പാകിസ്ഥാൻ വെടിനിറുത്തലിനു നിർബന്ധിതമായി ഇന്ത്യയോട് അപേക്ഷിക്കുകയായിരുന്നു.
(കേരള സർവകാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയും പ്രൊഫസറും യു.ജി.സി- എം.എം.ടി.ടി.സി ഡയറക്ടറുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |