വാമനപുരം: വാമനപുരം നദിക്ക് കുറുകെ വാമനപുരത്തെയും കാരേറ്റിനെയും ബന്ധിപ്പിച്ചിരുന്ന വാമനപുരം പഴയപാലം കാടുകയറിയും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായും മാറുന്നു. ഒരു കാലത്ത് കാടുകയറി കൈവരികൾ തുരുമ്പിച്ച് നാശത്തിന്റെ വക്കിലെത്തിയ പാലത്തെക്കുറിച്ച് കേരള കൗമുദി വാമനപുരം പാലം അവഗണനയിൽ എന്ന് വാർത്തനൽകിയിരുന്നു. ഇതേത്തുടർന്ന് പി.ഡബ്ല്യു.ഡി ബ്രിഡ്ജ് ആൻഡ് വാൾ വിഭാഗം പാലത്തെ സംരക്ഷിക്കാൻ നടപടി സ്വീകരിച്ചു. എന്നാൽ അധികൃതരുടെ അവഗണന മൂലം പാലം വീണ്ടും നാശത്തിന്റെ വക്കിലാണ്. ആധുനിക കാലത്ത് പണികഴിപ്പിച്ച പല പാലങ്ങളും തകർന്ന് പുതിയത് നിർമ്മിച്ചപ്പോഴും കാലപ്പഴക്കം ഒഴിച്ച് മറ്റ് കേടുപാടുകൾ ഒന്നുമില്ലാതെ നിലകൊള്ളുന്ന ഈ പാലം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ എൻജിനിയറിംഗ് വൈദഗ്ദ്യത്തിന് ഉത്തമ ഉദാഹരണമാണ്. കാളവണ്ടി, കുതിരവണ്ടി തുടങ്ങിയവയെ അക്കരെ ഇക്കരെ എത്തിച്ചിരുന്ന ഈ പാലം, വർദ്ധിച്ച വാഹനത്തിരക്ക്,പാലത്തിന്റെ വീതിക്കുറവ്,കാലപ്പഴക്കം എന്നിവ കൊണ്ട് പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിച്ചതോടെ ഗതകാല മഹത്വം പേറുന്ന മുത്തശ്ശിപ്പാലത്തെ എല്ലാവരും അവഗണിച്ചു.
പുരാവസ്തു വകുപ്പ് ഏറ്റെടുക്കണം
കാടും പടർപ്പും മുൾച്ചെടികളും വളർന്ന അവസ്ഥയാണിപ്പോൾ. കാടുവെട്ടി തെളിച്ച് കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചാൽ കാൽനടയാത്രക്കാർക്കിത് ഉപകരിക്കും. ബ്രിട്ടീഷ് ഭരണത്തിന്റെ അവശേഷിപ്പായി നിലകൊള്ളുന്ന ഈ പാലം ചരിത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഉപയോഗപ്പെടുത്താവുന്നതാണ്. ഈ പാലത്തെ പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് പൈതൃക സ്വത്തായി കണക്കാക്കണമെന്നാണ് നാട്ടുകാരുടെയും ചരിത്ര വിദ്യാർത്ഥികളുടെയും ആവശ്യം.
ചരിത്രം
1835ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി പണികഴിപ്പിച്ചു.
1935ൽ ബ്രിട്ടീഷ് എൻജിനിയർമാരുടെ നേതൃത്വത്തിൽ പുനർനിർമ്മിച്ചു
വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് വാഹന ഗതാഗതം പൂർണമായും നിർത്തി
സന്ധ്യ കഴിഞ്ഞാൽ മദ്യപൻമാരുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമാണിപ്പോൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |