കൊച്ചി: സാമ്പത്തിക മേഖലയെ മുൾമുനയിലാക്കിയ ചൈന-യു.എസ്.എ വ്യാപാര തർക്കങ്ങൾ ഒഴിഞ്ഞതോടെ ആഗോള വിപണികളിൽ ആവേശമേറുന്നു. വ്യാപാര കരാർ ചർച്ചകൾക്ക് സാഹചര്യമൊരുക്കി 90 ദിവസത്തേക്ക് പകരച്ചുങ്കം മരവിപ്പിക്കാനും ഇറക്കുമതി തീരുവ കുത്തനെ കുറയ്ക്കാനും അമേരിക്കയും ചൈനയും തീരുമാനിച്ചതോടെ സാമ്പത്തിക മേഖല മികച്ച നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 145 ശതമാനത്തിൽ നിന്ന് 30 ശതമാനമായി അമേരിക്ക കുറയ്ക്കും. അമേരിക്കൻ ഉത്പന്നങ്ങൾ ഏർപ്പെടുത്തിയിരുന്ന 125 ശതമാനം തീരുവ പത്ത് ശതമാനമായി കുറയ്ക്കാൻ ചൈനയും തീരുമാനിച്ചു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് 40 ദിവസത്തിന് മുൻപാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചത്.
ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവയും തുടർച്ചയായി ചൈന വർദ്ധിപ്പിക്കുകയായിരുന്നു.രണ്ട് ഘട്ടങ്ങളിലായി ഏർപ്പെടുത്തിയ 91 ശതമാനം അധിക തീരുവയാണ് ചൈന ഒഴിവാക്കിയത്. ഇരു രാജ്യങ്ങളും മത്സരിച്ച് തീരുവ കൂട്ടുന്ന സാഹചര്യം ഉപരോധമായി മാറിയെന്ന് സ്കോട്ട് ബസന്റ് പറഞ്ഞു.
ചൈനയും അമേരിക്കയും വ്യാപാര രംഗത്ത് സമാധാനം പ്രഖ്യാപിച്ചതോടെ ആഗോള വിപണികൾ വൻമുന്നേറ്റം നടത്തി. ഏഷ്യ, യൂറോപ്പ്, യു.എസ് ഓഹരികളിലേക്ക് നിക്ഷേപകർ വലിയ തോതിൽ പണമൊഴുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |