നെടുമങ്ങാട്: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്ര് മരിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ.മുണ്ടേല കൊക്കോതമംഗലം ലക്ഷംവീട്ടിൽ ബി.നിസാറുദീൻ (44),മഞ്ച തടത്തരികത്ത് വീട്ടിൽ ജി.ഷമീം (30) എന്നിവരാണ് പിടിയിലായത്.
ഒന്നാം പ്രതിയായ നിസാറുദീൻ വധശ്രമം ഉൾപ്പടെയുള്ള കേസുകളിലെ പ്രതിയാണ്.മൂന്നാം പ്രതി ഷമീമിനെതിരെ 16 ഓളം ക്രിമിനൽ കേസുകളുണ്ട്.രണ്ടാംപ്രതിയായ മഞ്ച സ്വദേശിയായ മറ്റൊരു യുവാവിന് വേണ്ടി തിരച്ചിൽ ഊർജ്ജിതമാണെന്ന് പൊലീസ് പറഞ്ഞു.
നെടുമങ്ങാട് മാർക്കറ്റിൽ പലവ്യഞ്ജന സാധനങ്ങൾ റൂട്ട് സെയിൽ നടത്തുന്ന വട്ടക്കുളം സ്വദേശി മുഹമ്മദ് ആഷറാണ് (26) കുത്തേറ്റു മരിച്ചത്.ഞായറാഴ്ച രാത്രി 8ഓടെയായിരുന്നു കൊലപാതകം.മദ്യപിച്ച് ബാറിൽ ബഹളം വച്ച സംഘത്തെ ജീവനക്കാർ പുറത്താക്കിയിരുന്നു.തുടർന്ന് മാർക്കറ്റിലെത്തിയ സംഘം ആഷറിനെ മർദ്ദിക്കുകയും, നിസാറുദ്ദീൻ അരയിൽ കരുതിയിരുന്ന കത്തിയൂരി കുത്തുകയുമായിരുന്നു. നെഞ്ചിലും വയറ്റിലുമായി ഒൻപതോളം കുത്തുകളേറ്റ ആഷർ തത്ക്ഷണം മരിച്ചു.
നെടുമങ്ങാട് എസ്.എച്ച്.ഒ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി.പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.
നെടുമങ്ങാട് മാർക്കറ്റിലുള്ള ബീഫ് സ്റ്റാളിലെ കശാപ്പുകാരനാണ് നിസാറുദീൻ.ബാറിൽ വച്ച് നടന്ന തർക്കത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന നിഗമനത്തിൽ പൊലീസെത്തിയത്.പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
ജീവനെടുത്ത 'വെല്ലുവിളി'
കൊല്ലപ്പെട്ട മുഹമ്മദ് ആഷർ അവിവാഹിതനാണ്.മാർക്കറ്റിലും പരിസരത്തും ഒത്തുച്ചേരുന്ന നിസാറുദീന്റെ സംഘത്തിനൊപ്പം മദ്യപിക്കുന്നതും മദ്യലഹരിയിൽ വെല്ലുവിളിക്കുന്നതും പതിവായിരുന്നു.ഞായറാഴ്ച ബാറിൽ വച്ച് നിസാറുദീനെ വീണ്ടും വെല്ലുവിളിച്ചു.തുടർന്ന് കൂട്ടബഹളമായി.ബാറിൽ നിന്നിറക്കിവിട്ടതോടെ ധൈര്യമുണ്ടെങ്കിൽ ചന്തയിൽ വരാൻ നിസാറുദീൻ ഭീഷണി മുഴക്കി.ഇയാളുടെ മോട്ടോർസൈക്കിളിൽ മറ്റു രണ്ടുപ്രതികളുമായി ചന്തയിലെത്തി കാത്തുനിന്നു.പിന്നാലെ അവിടെയെത്തിയ ആഷറിനെ കൂട്ടുകാർ പിടിച്ചു വയ്ക്കുകയും നിസാറുദീൻ കുത്തുകയുമായിരുന്നു.നിലത്തുവീണ യുവാവിന്റെ നെഞ്ചിൽ പിന്നെയും കുത്തി.ആഷർ മരിച്ചുവെന്ന് ഉറപ്പാക്കിയ സംഘം ബൈക്കിൽ രക്ഷപ്പെട്ടു.ഒളിത്താവളത്തിൽ നിന്നാണ് നെടുമങ്ങാട് എസ്.എച്ച്.ഒ രാജേഷ്‌കുമാർ പ്രതികളെ പിടികൂടിയത്.ഇവരെ ചോദ്യം ചെയ്തുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |