യുദ്ധ ഭീഷണി ഒഴിഞ്ഞതോടെ നിക്ഷേപകർ ആവേശത്തിൽ
ഓഹരി, ഡോളർ കുതിച്ചു, സ്വർണം തകർന്നു
കൊച്ചി: ഇന്ത്യയും പാകിസ്ഥാനും വെടിനിറുത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയും ചൈനയും വ്യാപാര യുദ്ധം മയപ്പെടുത്തിയതോടെ ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ കുതിച്ചുയർന്നു. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്താർജിച്ചു. സ്വർണ വില മൂക്കുകുത്തി. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 2,975.43 പോയിന്റ് വർദ്ധിച്ച് 82,429.90ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 916.70 പോയിന്റ് കുതിച്ച് 24,924.70ൽ എത്തി. ഇന്നലെ ഇരു സൂചികകളിലും 3.4 ശതമാനം വർദ്ധനയാണുണ്ടായത്. 2021 ഫെബ്രുവരി ഒന്നിന് സൂചികകളിലുണ്ടായ 4.7 ശതമാനം വർദ്ധനയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന കുതിപ്പാണിത്.
വിദേശ, സ്വദേശ നിക്ഷേപകർ ആവേശത്തോടെ ഓഹരികൾ വാങ്ങികൂട്ടി. റിയൽറ്റി, ഐ.ടി മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. പാകിസ്ഥാനിൽ നിന്ന് പ്രകോപനപരമായ നിരവധി നീക്കങ്ങളുണ്ടായിട്ടും ഉത്തരവാദിത്തത്തോടെ ഇന്ത്യ സംഘർഷം ഒഴിവാക്കാൻ ശ്രമിച്ചതാണ് നിക്ഷേപ വിശ്വാസം ഉയർത്തിയത്.
നിക്ഷേപ ആസ്തിയിലെ വർദ്ധന 16 ലക്ഷം കോടി രൂപ
ആവേശത്തിന് പിന്നിൽ
1. കഴിഞ്ഞ വാരാന്ത്യത്തിൽ ഇന്ത്യയും പാകിസ്ഥാനും വെടിനിറുത്തൽ പ്രഖ്യാപിച്ചതോടെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വൻതോതിൽ പണമൊഴുക്കി
2. മൂന്ന് മാസത്തെ അനിശ്ചിതത്വത്തിന് ശേഷം അമേരിക്കയും ചൈനയും പരസ്പരം തീരുവ കുറച്ചതും 90 ദിവസത്തേക്ക് പകരച്ചുങ്കം മരവിപ്പിച്ചതും നിക്ഷേപകർക്ക് ആവേശമായി
3. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവിൽ കമ്പനികളുടെ പ്രവർത്തന ലാഭത്തിലും വിറ്റുവരവിലും മികച്ച വർദ്ധന നേടിയതും അനുകൂലമായി
ആഗോള വിപണികളിലും കുതിപ്പ്
അമേരിക്കയും ചൈനയും വ്യാപാര നയങ്ങളിൽ വിട്ടുവീഴ്ച വരുത്തിയതോടെ ആഗോള വിപണികൾ മികച്ച മുന്നേറ്റം കാഴ്ചവച്ചു. അമേരിക്കൻ ഓഹരികൾ തുടക്കം മുതൽ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ജപ്പാൻ, ഓസ്ട്രേലിയ, യൂറോപ്പ്, ഏഷ്യൻ ഓഹരികൾ വൻ മുന്നേറ്റം കാഴ്‌ചവച്ചു.
പാകിസ്ഥാൻ ഓഹരികൾക്കും നേട്ടം
അതിർത്തിയിൽ സമാധാനം ഉറപ്പായതോടെ ഇന്നലെ പാകിസ്ഥാനിലെ കറാച്ചി ഓഹരി സൂചിക ഒൻപത് ശതമാനം ഉയർന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാൻ ഓഹരികൾ കനത്ത തകർച്ചയാണ് നേരിട്ടത്. ഇന്ത്യ ആക്രമണം ശക്തമാക്കിയതോടെ ഒരവസരത്തിൽ പാകിസ്ഥാനിൽ ഓഹരി വിൽപ്പന നിറുത്തിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |