തിരുവനന്തപുരം: താൻ നിർമ്മിച്ച വീഡിയോഗെയിം കാണിക്കാമെന്ന് പറഞ്ഞാണ് അമ്മ ഡോ. ജീൻ പദ്മയെ കേഡൽ വീടിന്റെ മുകൾനിലയിലേക്ക് കൊണ്ടുപോയത്. മുറിയിൽ ഗെയിം കാണുകയായിരുന്ന അമ്മയെ മഴുകൊണ്ട് പിന്നിൽ നിന്ന് വെട്ടി. മൃതദേഹം ടോയ്‌ലറ്റിലേക്ക് മാറ്റി.
തുടർന്ന് ഒന്നുമറിയാതെ അച്ഛൻ പ്രൊഫ. രാജ തങ്കത്തിനും സഹോദരി കരോലിനുമൊപ്പം താഴെ വന്ന് ഭക്ഷണം കഴിച്ചു. അമ്മ എവിടെയെന്ന് രാജതിരക്കിയപ്പോൾ ഗെയിം കാണുന്നുവെന്നായിരുന്നു മറുപടി. സമാനമായി അച്ഛനെയും, ഓസ്‌ട്രേലിയയിലെ സുഹൃത്തിനോട് സംസാരിക്കാനെന്ന് പറഞ്ഞ് സഹോദരിയെയും മുറിയിലെത്തിച്ച് കൊന്നു. എല്ലാം ക്രൈംസിനിമകളെ വെല്ലുന്ന നീക്കങ്ങൾ.
വീട്ടിലുണ്ടായിരുന്ന ബന്ധു ലളിതയും ജോലിക്കാരിയും മറ്റുള്ളവരെ തിരക്കിയപ്പോൾ കന്യാകുമാരിയിൽ പോയെന്നായിരുന്നു മറുപടി. പിറ്റേദിവസം രാത്രിയാണ് കേഡൽ ലളിതയെ കൊന്നത്. അമ്മ ലാൻഡ് ഫോണിൽ വിളിക്കുന്നുവെന്ന് പറഞ്ഞ് കിടപ്പുമുറിയിലെത്തിച്ചായിരുന്നു കൊല. ലളിതയെ കാണാതായതോടെ വീട്ടിലെ ജോലിക്കാരി കേഡലിനോട് അവരെ തിരക്കി. എന്നാൽ രാത്രി അമ്മയും അച്ഛനും സഹോദരിയും മടങ്ങിയെത്തിയെന്നും ലളിതയെയും കൂട്ടി വീണ്ടും ടൂർ പോയെന്നും വിശ്വസിപ്പിച്ചു. രണ്ടു ദിവസം ഇതാവർത്തിച്ചു. ഭക്ഷണം തയ്യാറാക്കി മേശപ്പുറത്ത് വച്ചാൽ മതിയെന്നും കേഡൽ നിർദ്ദേശിച്ചു.
വഴിത്തിരിവായത് ഫയർഫോഴ്സിന്റെ വരവ്
മൃതദേഹങ്ങൾ വലിച്ചിഴച്ച് കുളിമുറിയിലെത്തിച്ചശേഷം തറ കഴുകി. മൃതദേഹങ്ങളുടെ കഴുത്തറത്തശേഷം മഴുകൊണ്ട് വെട്ടിക്കൂട്ടി. കവടിയാറിലെ പമ്പിൽനിന്ന് പെട്രോൾ വാങ്ങി മൃദേഹങ്ങൾ കത്തിച്ചു. ഇതിനിടെ വീട്ടിൽ തീപ്പിടിത്തമുണ്ടായി. കുളിമുറിയിലെ ജനൽച്ചില്ലുകൾ പൊട്ടിച്ചിതറി. തുടർന്ന് അയൽക്കാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. തീയണയ്‌ക്കുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
തീപടർന്നപ്പോൾ കേഡൽ അടുക്കളയിലൂടെ റോഡിലേക്ക് ഓടി. ഓട്ടോറിക്ഷയിൽ നന്തൻകോട് നിന്ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തി. തുടർന്ന് ട്രെയിനിൽ ചെന്നൈയിലെത്തി. ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുമ്പോഴാണ് പൊലീസ് തെരയുന്നതായി മനസിലാക്കിയത്. ഇതോടെ വസ്ത്രങ്ങളടങ്ങിയ ബാഗ് ഹോട്ടലിലുപേക്ഷിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങി. തമ്പാനൂരിൽ തീവണ്ടിയിറങ്ങിയപ്പോഴാണ് പൊലീസിന്റെ വലയിലായത്. കേഡലിന്റെ ശരീരത്തിൽ പൊള്ളലേറ്റ 31 പാടുകളുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |