ദുബായ്: കേരളത്തിന്റെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കി പാകിസ്ഥാൻ വിദ്യാർത്ഥികൾ. യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരല്ലാത്ത 60 ഓളം വിദ്യാർത്ഥികളാണ് കേരളത്തിന്റെ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇക്കൂട്ടത്തിലാണ് പാകിസ്ഥാൻ വിദ്യാർത്ഥികളുള്ളത്. യുഎഇയിൽ ആകെ 685 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇവരിൽ 677 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.83 ശതമാനമാണ് വിജയം.
യുഎഇയിലെ ഏഴ് വിദ്യാലയങ്ങളാണ് കേരള സ്റ്റേറ്റ് ബോർഡ് കരിക്കുലം പിന്തുടരുന്നത്. അവയിൽ, മൂന്ന് സ്‌കൂളുകൾ മോഡൽ പ്രൈവറ്റ് സ്‌കൂൾ- അബുദാബി, ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ- ഷാർജ, ഇന്ത്യൻ സ്‌കൂൾ- ഫുജൈറ എന്നിവ 100 ശതമാനം വിജയം നേടി അഭിമാന നേട്ടം കൈവരിച്ചു.
30 പാകിസ്ഥാനികൾ
ഇന്ത്യക്കാരല്ലാത്ത 66 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇവരിൽ 30 പാകിസ്ഥാനികളും 20 ബംഗ്ലാദേശികളുമുണ്ട്. അഞ്ച് പേർ അഫ്ഗാൻ സ്വദേശികളും മൂന്ന് പേർ ശ്രീലങ്കക്കാരുമാണ്. ഫിലിപ്പൈൻസ്, നേപ്പാൾ, ഈജിപ്ത്, മാലി, സുഡാൻ, സെനഗൽ, യെമൻ, ഇറാൻ എന്നീ രാജ്യങ്ങളിലുള്ള വിദ്യാർത്ഥികളും പരീക്ഷ എഴുതി. 66 പേരിൽ 61 വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. റാസൽഖൈമയിലെ ന്യൂ ഇന്ത്യൻ സ്‌കൂളിലാണ് ഏറ്റവും കൂടുതൽ വിദേശ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്, 24 പേർ.
ഇന്ത്യക്കാരല്ലാത്ത വിദ്യാർത്ഥികൾ, പ്രത്യേകിച്ച് പാകിസ്ഥാനികൾ, വർഷങ്ങളായി കേരള സ്റ്റേറ്റ് ബോർഡ് പാഠ്യപദ്ധതി പിന്തുടരുന്നുണ്ടെന്നും എസ്എസ്എൽസി പരീക്ഷകളിൽ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും സ്‌കൂൾ പ്രിൻസിപ്പൽ ബീന റാണി ഗൾഫ് ന്യൂസിനോട് പറഞ്ഞു. തുടക്കത്തിൽ, പാകിസ്ഥാൻ വിദ്യാർത്ഥികളാണ് സ്‌കൂളിൽ ചേർന്നത്. പിന്നീട് മറ്റ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾ ചേരാൻ തുടങ്ങിയെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
സമഗ്രവും തുടർച്ചയായതുമായ മൂല്യ നിർണയ സംവിധാനമാണ് കേരള സ്റ്റേറ്റ് ബോർഡ് പിന്തുരടരുന്നത്. ഈ സംവിധാനം മനഃപാഠമാക്കുന്നതിനേക്കാൾ ആശയപരമായ ഗ്രാഹ്യത്തിന് പ്രാധാന്യം നൽകുന്നെന്നും പ്രിൻസിപ്പൽ പറഞ്ഞു.
പരീക്ഷയിലെ മാർക്ക് മാത്രമല്ല, പാഠ്യപദ്ധതി പൊതുപ്രസംഗം, പ്രോജക്ട് വർക്ക് തുടങ്ങിയ കഴിവുകളും വിലയിരുത്തുന്നു. ഞങ്ങളുടെ വിദ്യാർത്ഥികൾ സെമിനാറുകളിലും മത്സരങ്ങളിലും പതിവായി മികവ് പുലർത്തുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
കേരള പാഠ്യപദ്ധതിയുടെ സമഗ്ര സ്വഭാവത്തെക്കുറിച്ച് രക്ഷിതാക്കൾക്കിടയിൽ അവബോധം വർദ്ധിച്ചുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു. മാതാപിതാക്കൾ ഇപ്പോൾ അതിന്റെ ഗുണങ്ങൾ കാണുന്നു. ഉന്നത വിദ്യാഭ്യാസത്തിലേക്കും വിജയകരമായ കരിയറിലേക്കും വിദ്യാർത്ഥികൾ കടക്കുന്നത് അവർ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട്.
മലയാളം നിർബന്ധമാണോ?
മറ്റ് രാജ്യത്തെ വിദ്യാർത്ഥികൾ മലയാളം പഠിക്കണമെന്ന് നിർബന്ധമില്ല. ഇതിന് പകരമായി ഇതരവിഷയങ്ങൾ തിരഞ്ഞെടുക്കാം. ഹിന്ദിക്ക് പകരം പൊതുവിഞ്ജാനം തിരഞ്ഞെടുക്കാം. ഇന്ത്യക്കാരല്ലാത്ത വിദ്യാർത്ഥികൾക്ക് മികച്ച സ്‌കോർ നേടുന്നത് എളുപ്പമാക്കുന്ന ഒരു ഐച്ഛിക ഇംഗ്ലീഷ് പേപ്പറും ഉൾപ്പെടുത്തിയിട്ടുണ്ട്.
റാസ് അൽ ഖൈമയിലെ ന്യൂ ഇന്ത്യൻ സ്‌കൂളിൽ, 24 ഇന്ത്യക്കാരല്ലാത്ത വിദ്യാർത്ഥികളിൽ ഏഴ് ബംഗ്ലാദേശികളും ആറ് പാകിസ്ഥാനികളും അഞ്ച് അഫ്ഗാനികളും ഉൾപ്പെടുന്നു. ഉം അൽ ഖുവൈനിലെ ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലാണ് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ പഠിക്കുന്നത്. 15 പേർ പാകിസ്ഥാനികൾ ഉൾപ്പെടെ 18 പേർ. ഫുജൈറയിലെ ഇന്ത്യൻ സ്‌കൂളിൽ 17 വിദ്യാർത്ഥികളുണ്ടായിരുന്നു. ഇവരിൽ 10 പേർ ബംഗ്ലാദേശികൾ, ആറ് പേർ പാകിസ്ഥാനികൾ, ഒരു ഫിലിപ്പിനോയാണ്.
കേരളത്തിലെ എസ്എസ്എൽസി ഫലങ്ങൾ പാകിസ്ഥാനിലും ബംഗ്ലാദേശിലും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് ഫുജൈറയിലെ ഇന്ത്യൻ സ്‌കൂളിലെ സെക്കൻഡറി വിഭാഗം മേധാവി രാജേഷ് ജനാർദ്ദനൻ അഭിപ്രായപ്പെട്ടു. ചില കുടുംബങ്ങൾ പാകിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ മടങ്ങാൻ സാദ്ധ്യതയില്ല. അതുകൊണ്ടാണ് അവർ കേരള ബോർഡ് പരീക്ഷയെ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |