ബീജിംഗ്: ജോലിസമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ അറുപതുകാരനായ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചിരുന്നു. സംഭവത്തിൽ വിചിത്ര ഉത്തരവുമായെത്തിയിരിക്കുകയാണ് ചൈനയിലെ ഒരു കോടതി. ജോലി സ്ഥലത്തെ അപകടമായി കണക്കാക്കണമെന്നും നഷ്ട പരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
ബീജിംഗിലെ ഒരു ചെറിയ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഷാങ് എന്നയാളാണ് മരിച്ചത്. ഫാക്ടറിയിൽ സെക്യൂരിറ്റിയായി ഷാങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവധി പോലും എടുക്കാതെ അദ്ദേഹം 24 മണിക്കൂറും ജോലി ചെയ്തിരുന്നു.
2014 ഒക്‌ടോബർ ആറിനാണ് ഷാങ് മരിച്ചത്. സെക്യൂരിറ്റി റൂമിൽ വെച്ച് കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെയായിരുന്നു മരണം. ദുരൂഹതകളൊന്നുമില്ലെന്നും സ്വാഭാവിക മരണമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
ഒരു വർഷത്തിന് ശേഷം ഷാങ്ങിന്റെ മകൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുനിസിപ്പൽ സോഷ്യൽ സെക്യൂരിറ്റി ബ്യൂറോയെയും ഫാക്‌ടറി അധികൃതരെയും കണ്ടു. ജോലി സംബന്ധമായിട്ടല്ല മരണം സംഭവിച്ചതെന്ന് പറഞ്ഞ് അവർ ആവശ്യം തള്ളി.
തുടർന്ന് ഷാങ്ങിന്റെ മകൻ ഫാക്ടറിക്കും സെക്യൂരിറ്റി ബ്യൂറോയ്ക്കുമെതിരെ കേസ് ഫയൽ ചെയ്തു. തന്റെ പിതാവിന് 24 മണിക്കൂറും സ്ഥലത്ത് തന്നെ കഴിയേണ്ടി വന്നതിനാലാണ് മരണം സംഭവിച്ചതെന്നും നഷ്ട പരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.
2016ൽ കോടതി ഷാങ്ങിന്റെ കുടുംബത്തോടൊപ്പം നിന്നു. വിശ്രമവും വ്യക്തിബന്ധങ്ങളും ഉൾപ്പെടെയുള്ള ഷാങ്ങിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ഫാക്ടറിയും സോഷ്യൽ സെക്യൂരിറ്റി ബ്യൂറോയും അപ്പീലുമായി മേൽക്കോടതിയെ സമീപിച്ചു. ദീർഘനാളത്തെ വാദപ്രതിവാദത്തിനൊടുവിൽ ഷാങ്ങിന്റെ മരണം ജോലിസ്ഥലത്തെ അപകടമാണെന്ന് കോടതി അംഗീകരിച്ചു. കൂടാതെ നഷ്ടപരിഹാരം നൽകണമെന്ന് വിധിക്കുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |