പഠിച്ച് നല്ലൊരു ജോലി നേടി കുടുംബത്തിനൊപ്പം സന്തോഷത്തോടെ ജീവിക്കുകയെന്നതായിരുന്നു പണ്ടത്തെ യുവാക്കളുടെ സ്വപ്നം. എന്നാൽ കാലം മാറിയതോടെ പഠിക്കാനും ജോലിക്കുമൊക്കെയായി ആളുകൾ ലണ്ടനിലും കാനഡയിലുമൊക്കെ ചേക്കാറാൻ തുടങ്ങി. പാർട്ട് ടൈം ജോലിയിലൂടെ വലിയൊരു തുക കിട്ടുമെന്ന സ്വപ്നത്തോടെയാണ് യുവാക്കൾ വിമാനം കയറുന്നത്.
ലണ്ടനിലുള്ള ഒരു ഇന്ത്യക്കാരിയുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അവിടെച്ചെന്ന് ബിരുദാനന്തര ബിരുദം നേടുന്നതിനെതിരെയാണ് യുവതിയുടെ കുറിപ്പ്. ബിരുദാനന്തര ബിരുദത്തിന് ശേഷം ജോലി കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കുമെന്ന് അവർ പറഞ്ഞു.
ഇന്ത്യയിൽ നിന്ന് ബിരുദം നേടിയ ശേഷം ബിരുദാനന്തര ബിരുദത്തിന് വേണ്ടിയായിരുന്നു യുവതി യുകെയിലേക്ക് പോയത്. മാർക്കറ്റിംഗ് പ്രൊഫഷണലായ അവർ, യുകെയിൽ ജോലി നേടാൻ കഴിഞ്ഞ ചുരുക്കം ചില ഭാഗ്യശാലികളിൽ ഒരാളായിരുന്നു.
യുകെ തൊഴിൽ വിപണിയിലെ വെല്ലുവിളികളെക്കുറിച്ചും രാജ്യത്ത് വർദ്ധിച്ചുവരുന്ന നിയന്ത്രണങ്ങളെക്കുറിച്ചുമൊക്കെയാണ് യുവതിയുടെ പോസ്റ്റ് സൂചന നൽകുന്നത്. 'യുകെയിൽ മാസ്റ്റേഴ്സിന് വരുന്നതിനെക്കുറിച്ച് ധാരാളം ആളുകൾ എനിക്ക് മെസേജ് അയയ്ക്കുന്നുണ്ട്, വരരുതെന്ന് ഞാൻ പറയും, എന്റെ ബാച്ചിലെ 90 ശതമാനം പേരും ജോലി കിട്ടാതെ, തിരിച്ചുപോകേണ്ടി വന്നു, നിങ്ങളുടെ കയ്യിൽ എറിയാൻ പണമില്ലെങ്കിൽ, ഇത് ചെയ്യരുത്'- എന്നാണ് അവർ എക്സിൽ കുറിച്ചത്.
I have tons of people text me about coming to the UK for masters, I will tell you to not come, 90% of my batch had to go back because there are no jobs, unless you have money to throw, don’t consider it
— Janhavi Jain (@janwhyy) May 11, 2025
പഠനത്തേക്കാൾ സമ്പന്നരായ കുട്ടികൾക്ക് നല്ല സമയം ആസ്വദിക്കാനുള്ള സ്ഥലമാണ് ഇപ്പോൾ യുകെ എന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. തൊഴിലവസരത്തിന്റെ കാര്യത്തിൽ ഓരോ മേഖലയും വ്യത്യസ്തമാണെന്നും കമന്റുകൾ വരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |