ന്യൂഡൽഹി: ബ്രിട്ടണിൽ തൊഴിൽ തേടുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് കൂടുതൽ അവസരങ്ങളും ചട്ടങ്ങളിൽ ഇളവും നൽകുന്ന സമഗ്ര സാമ്പത്തിക വാണിജ്യ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പ്രതിവർഷം അറുപതിനായിരത്തിലേറെ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഗുണം ചെയ്യും.
ഇന്ത്യയിൽ നിന്നുള്ള ഒട്ടേറെ ഉത്പന്നങ്ങൾക്ക് ചുമത്തിയിരുന്ന നികുതി പൂർണമായി ഒഴിവാക്കും. മത്സ്യ ഉത്പന്നങ്ങളും സുഗന്ധദ്രവ്യങ്ങളും നാണ്യ വിളകളും ഇവയിൽ ഉൾപ്പെടുന്നതിനാൽ കേരളത്തിൽ നിന്നുള്ള കയറ്റുമതി വർദ്ധിക്കും. ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരം നേടേണ്ടതിനാൽ പ്രാബല്യത്തിൽ വരാൻ ഒരു വർഷത്തോളമാവും.
യു.കെ പ്രധാനമന്ത്രി കിയർ സ്റ്റാമറുടെയും ബ്രിട്ടണിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സാന്നിദ്ധ്യത്തിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും യു.കെ ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സുമാണ് കരാറിൽ ഒപ്പിട്ടത്.
ഇന്ത്യൻ തുണിത്തരങ്ങൾ, പാദരക്ഷകൾ, രത്നങ്ങൾ, ആഭരണങ്ങൾ, എൻജിനിയറിംഗ്, കാർഷിക ഉത്പന്നങ്ങൾക്കും, സംസ്കരിച്ച ഭക്ഷ്യ ഉത്പന്നങ്ങൾ എന്നിവയ്ക്കും യു.കെ വിപണി തുറന്നുകൊടുക്കും. പകരം ബ്രിട്ടീഷ് ഉത്പന്നങ്ങൾക്ക് ചുമത്തുന്ന നികുതിയിൽ ഇന്ത്യയും ഇളവുവരുത്തും. 2.9 ലക്ഷം കോടിയുടെ വ്യാപാര വർദ്ധനയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതീക്ഷിക്കുന്നത്.
കേരളത്തിന് ഗുണമാകുന്ന
ഡ്യൂട്ടി ഫ്രീ ഇനങ്ങൾ
(നിലവിലെ തീരുവ ബ്രാക്കറ്റിൽ)
തേയില, കാപ്പി, പച്ചക്കറികൾ, ധാന്യങ്ങൾ, എണ്ണകൾ (10%), പഴങ്ങൾ(20%), സുഗന്ധവ്യഞ്ജനങ്ങൾ(8%), എണ്ണക്കുരുക്കൾ(8%), മൃഗ ഉത്പന്നങ്ങൾ(20%വരെ), ചെമ്മീൻ അടക്കമുള്ള സമുദ്ര ഉത്പന്നങ്ങൾ(20%), സംസ്കരിച്ച ഭക്ഷണം (70%), പ്ലാസ്റ്റിക്/ റബ്ബർ(6%), വസ്ത്രങ്ങൾ(12%)
ഇന്ത്യയിൽ വില കുറയുന്ന
ബ്രിട്ടീഷ് ഉൽപന്നങ്ങൾ
# വിസ്‌കി നികുതി 150 ശതമാനത്തിൽ നിന്ന് 75 ആയും പത്തുവർഷത്തിനുള്ളിൽ 40 ആയും കുറയ്ക്കും.
# ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതി 110 ശതമാനത്തിൽ നിന്ന് പത്താക്കും.
# ചോക്ലേറ്റ്, ബിസ്‌ക്കറ്റ്, പാനീയങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യ വർദ്ധക വസ്‌തുക്കൾ, വിമാന ഘടകങ്ങൾ എന്നിവയ്ക്കും നികുതി 15 ശതമാനത്തിൽ നിന്ന് മൂന്നാക്കും.
സാങ്കേതികവിദ്യയ്ക്കും ധനകാര്യത്തിനും പുതിയ ഊർജ്ജം നൽകും. ബിസിനസ് എളുപ്പമാക്കും.
-പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യയിൽ മെഡിക്കൽ ഉപകരണങ്ങൾ പോലുള്ള യു.കെ നിർമ്മിത ഉത്പന്നങ്ങൾ ചുരുങ്ങിയ വിലയിൽ ലഭ്യമാകും.
-യു.കെ പ്രധാനമന്ത്രി സ്റ്റാമർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |