ഏപ്രിലിൽ ചില്ലറ വില സൂചിക 3.34 ശതമാനമായി താഴ്ന്നു
കൊച്ചി: സാമ്പത്തിക മേഖലയ്ക്ക് ഏറെ ആശ്വാസം പകർന്ന് ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ഏപ്രിലിൽ ആറ് വർഷത്തെ കുറഞ്ഞ നിരക്കായ 3.34 ശതമാനമായി. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലുണ്ടായ ഇടിവാണ് ഗുണമായത്. തുടർച്ചയായ മൂന്നാം മാസമാണ് നാണയപ്പെരുപ്പം റിസർവ് ബാങ്കിന്റെ പരമാവധി പരിധിയായ നാല് ശതമാനത്തിന് താഴെ നിലനിൽക്കുന്നത്. ഉപഭോക്തൃ വില സൂചികയിൽ പകുതിയിലധികം പങ്കാളിത്തമുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിൽ 1.78 ശതമാനം വർദ്ധനയുണ്ടായി.
ഗ്രാമീണ മേഖലയിലെ നാണയപ്പെരുപ്പം 2.92 ശതമാനമാണ്. നഗര മേഖലകളിൽ വില സൂചികയിലെ വർദ്ധന 3.36 ശതമാനമാണ്. ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം ശക്തമായിരുന്നെങ്കിലും കാർഷിക ഉത്പാദനത്തെ കാര്യമായി ബാധിച്ചില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാർച്ചിൽ 3.34 ശതമാനവും കഴിഞ്ഞ വർഷം ഏപ്രിലിൽ 4.83 ശതമാനവുമായിരുന്നു നാണയപ്പെരുപ്പം.
അവലോകന കാലയളവിൽ പച്ചക്കറി വിലയിൽ 11 ശതമാനം ഇടിവുണ്ടായി. ധാന്യങ്ങൾക്ക് 5.35 ശതമാനം വിലക്കയറ്റമുണ്ടായപ്പോൾ പയർവർഗങ്ങളുടെ വില 5.23 ശതമാനം കുറഞ്ഞു.
വിലക്കയറ്റത്തിൽ കേരളം ഒന്നാമത്
വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന സ്ഥാനം കേരളം ഏപ്രിലിലും നിലനിറുത്തി. കേരളത്തിലെ നാണയപ്പെരുപ്പം മുൻമാസത്തെ 6.59 ശതമാനത്തിൽ നിന്ന് 5.94 ശതമാനമായാണ് കുറഞ്ഞത്. ഗ്രാമങ്ങളിലെ വിലക്കയറ്റത്തോത് 6.46 ശതമാനവും നഗരങ്ങളിലെ നാണയപ്പെരുപ്പം 4.91 ശതമാനവുമാണ്. കർണാടകയാണ് വിലക്കയറ്റത്തോതിൽ രണ്ടാം സ്ഥാനത്ത്. തെലങ്കാനയിലാണ് വിലക്കയറ്റം ഏറ്റവും കുറവുള്ളത്.
പലിശ വീണ്ടും കുറച്ചേക്കും
നാണയപ്പെരുപ്പം ആറ് വർഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തിയതോടെ ജൂണിലെ ധന നയ രൂപീകരണ നയത്തിൽ മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറച്ചേക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി 2.75 ലക്ഷം കോടി രൂപ റിസർവ് ബാങ്ക് കേന്ദ്ര സർക്കാരിന് കൈമാറുന്നതും പലിശ ഇളവിന് അനുകൂല സാഹചര്യമൊരുക്കും.
അനുകൂല സാഹചര്യങ്ങൾ
1. കാർഷിക ഉത്പാദനത്തിലെ വർദ്ധന ഉത്പന്ന ലഭ്യത കൂട്ടിയതിനാൽ വില സമ്മർദ്ദം കുറയുന്നു
2. സാമ്പത്തിക മേഖലയിലെ തളർച്ച ശക്തമായതിനാൽ ഉപഭോക്താക്കൾ ചെലവ് ചുരുക്കുന്നു
3. ഇന്ധന വില താഴ്‌ന്നതോടെ ഉത്പാദന ചെലവും ചരക്ക് കൈകാര്യ നിരക്കും കുറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |