ന്യൂഡൽഹി: പാക് അധിനിവേശ കാശ്മീർ വിട്ടുകിട്ടാനുള്ള ചർച്ചയാണ് പാകിസ്ഥാനുമായി നടത്താനുള്ളതെന്നും അതിൽ മൂന്നാമതൊരു കക്ഷിക്ക് പങ്കില്ലെന്നും ഇന്ത്യ അസന്നിഗ്ദ്ധമായി വ്യക്തമാക്കി. ജമ്മുകാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അതേ ചൊല്ലി ചർച്ച അസാദ്ധ്യമെന്നും മൂന്നാം കക്ഷിയായി ഇടപെടാൻ ശ്രമിക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പരോക്ഷ മറുപടിയും നൽകി.
ഓപ്പറേഷൻ സിന്ദൂർ വെടിനിറുത്തലിലെത്തിച്ചത് താനാണെന്ന് അവകാശപ്പെട്ട ട്രംപ് , കാശ്മീർ വിഷയത്തിൽ ഇടപെടാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനം നടത്തിയാണ് രാജ്യത്തിന്റെ നിലപാട് അറിയിച്ചത്.
ആണവ ഭീഷണി മുഴക്കിയാലൊന്നും ഭീകരപ്രവർത്തനം അമർച്ച ചെയ്യാനുള്ള ആക്രമണത്തിൽ നിന്ന് പിൻമാറില്ല.
ഇക്കാര്യം ലോകത്തെ അറിയിച്ചിട്ടുണ്ട്. ആണവ ഭീഷണിക്ക് വഴങ്ങുകയോ അതിർത്തി കടന്ന് ഭീകരപ്രവർത്തനം നടത്താൻ അനുവദിക്കുകയോ ചെയ്യില്ല. പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി പൂർണമായും പരമ്പരാഗത രീതിയിലായിരുന്നു. പാകിസ്ഥാൻ ആണവ യുദ്ധത്തിന് തയ്യാറെടുക്കാൻ നാഷണൽ കമാൻഡ് അതോറിറ്റി യോഗം വിളിച്ചതായ റിപ്പോർട്ടുകൾ അവരും നിഷേധിച്ചിട്ടുണ്ട്.
ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചതെന്ന് യു.എസ് അടക്കം രാജ്യങ്ങളെ ഇന്ത്യ അറിയിച്ചിരുന്നു.
ഇന്ത്യാ-പാക് സംഘർഷ സമയത്ത് യു.എസുമായി നടത്തിയ ചർച്ചകളിലൊന്നും വ്യാപാര വിഷയം ഉയർന്നിട്ടില്ലെന്നും രൺധീർ പറഞ്ഞു. വെടിനിറുത്തലിന് വഴങ്ങിയില്ലെങ്കിൽ ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം നിറുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ സൂചിപ്പിച്ചാണ് ഇതു പറഞ്ഞത്.
വെടിനിറുത്തൽ തേടിയത്
പാക് ഹൈക്കമ്മിഷൻ
# മേയ് 10ന് പുലർച്ചെ, പാകിസ്ഥാനിലെ പ്രധാന വ്യോമസേനാ താവളങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തെ തുടർന്ന് വെടിനിർത്തലിന് അവർ നിർബന്ധിതരായെന്ന് രൺധീർ ജയ്‌സ്വാൾ വെളിപ്പെടുത്തി.
# ഉച്ചയ്‌ക്ക് 12.37ന് പാകിസ്ഥാൻ ഹൈക്കമ്മിഷനിൽ നിന്ന് വിദേശകാര്യ മന്ത്രാലയത്തിലേക്ക് ഫോൺ വന്നു. സാങ്കേതിക കാരണങ്ങളാൽ പാകിസ്ഥാന് മിലിട്ടറി ഓപ്പറേഷൻസ് മേധാവികളെ ബന്ധിപ്പിക്കുന്ന ഹോട്ട്‌ലൈൻ പ്രവർത്തിപ്പിക്കാൻ ബുദ്ധിമുട്ട് നേരിട്ടു. പിന്നീട് വൈകിട്ട് 3.35ന് സംഭാഷണം തീരുമാനിച്ചു.
# ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ആക്രമണത്തിന് തുനിയരുതെന്നും അങ്ങനെ ചെയ്താൽ തിരിച്ചടിക്കുമെന്നും പാകിസ്ഥാന് മുന്നറയിപ്പ് നൽകിയെങ്കിലും അവർ കേട്ടില്ല.
നമ്മളിൽ നിന്ന് കാര്യങ്ങൾ ശ്രവിച്ച വിദേശ നേതാക്കൾ പാകിസ്ഥാൻ മധ്യസ്ഥരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിട്ടുണ്ടാകാം.
# ഇന്ത്യൻ വ്യോമകേന്ദ്രങ്ങൾ ആക്രമിച്ചെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നുണ്ട്. ഇക്കാര്യം ഉപഗ്രഹ ചിത്രങ്ങൾ നോക്കിയാൽ വ്യക്തമാകും. പാകിസ്ഥാൻ ആക്രമിച്ചതായി അവകാശപ്പെടുന്ന സ്ഥലങ്ങൾ അതുപോലെയുണ്ട്. ഇന്ത്യ ലക്ഷ്യം വച്ചതും നശിപ്പിച്ചതുമായ സ്ഥലങ്ങളുമായി അതിനെ താരതമ്യം ചെയ്യുമ്പോൾ ബോധ്യമാവും.
# അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്ഥാൻ ഉപേക്ഷിക്കുന്നതുവരെ സിന്ധു നദീ കരാർ മരവിപ്പിച്ച നടപടിയിൽ മാറ്റമില്ല. കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാപരമായ മാറ്റങ്ങൾ, സാങ്കേതിക മാറ്റങ്ങൾ എന്നിവ കരാറിൽ പ്രതിഫലിക്കേണ്ടതുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |