ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ ഡ്രോണുകളെയും മിസൈലുകളെയും ചാരമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ പ്രധാനമന്ത്രിയുടെ മിന്നൽ സന്ദർശനം. ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരതയ്‌ക്കെതിരായ ലക്ഷ്‌മണ രേഖയാണ് ഇന്ത്യ വരച്ചതെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
''ഇത് ഇന്ത്യയുടെ ലക്ഷ്മണരേഖ,ഇനിയൊരു ഭീകരാക്രമണം ഉണ്ടായാൽ ഇന്ത്യ തീരുമാനിക്കുന്നത് നിർണായക പ്രതികരണമായിരിക്കും. യുദ്ധക്കളത്തിൽ ശത്രുവിനെ എങ്ങനെ തകർക്കണമെന്ന് ഇന്ത്യയ്‌ക്കറിയാം''.
പ്രധാനമന്ത്രിയുടെ സന്ദർശനവും അദ്ദേഹത്തിന്റെ വാക്കുകളും സൈനികരെ ആവേശഭരിതരാക്കി.
ആദംപൂർ വ്യോമതാവളം മിസൈൽ ആക്രമണത്തിൽ തകർത്തുവെന്നും എസ്-400 പ്രതിരോധ സംവിധാനം നിലംപരിശാക്കിയെന്നും പാകിസ്ഥാൻ നടത്തുന്ന പ്രചാരണം നുണയാണെന്ന് ഇതോടെ ലോകത്തിന് ബോദ്ധ്യമായി.
സൈനികരുടെ ധൈര്യവും സേനയുടെ പ്രൊഫഷണലിസവുമാണ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചത്. 'ഭാരത് മാതാ കീ ജയ്' എന്നത് രാജ്യത്തിനായി ജീവൻ പണയപ്പെടുത്തുന്ന സൈനികരുടെ പ്രതിജ്ഞയാണെന്ന് മോദി പറഞ്ഞു. ഭീകരർക്ക് സുരക്ഷിത താവളങ്ങളില്ലെന്ന് ഇന്ത്യൻ സേന പാകിസ്ഥാനെ ബോധ്യപ്പെടുത്തി.
ഓപ്പറേഷൻ സിന്ദൂറിനുശേഷം, ഇന്ത്യൻ വ്യോമതാവളങ്ങളെ ആക്രമിക്കാനുള്ള പാക് ശ്രമങ്ങളും പരാജയപ്പെടുത്തി. സേനയുടെ മികച്ച പ്രകടനത്തെയും അചഞ്ചലമായ സമർപ്പണത്തെയും അഭിനന്ദിച്ചു. അതിർത്തികളിൽ നിലയുറപ്പിച്ച സൈനികരുടെയും ഓപ്പറേഷനിൽ ഉൾപ്പെട്ട ഓരോ വ്യക്തിയുടെയും സമർപ്പണവും വീര്യവുമാണ് ഈ വിജയത്തിന് കാരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സൈനികർക്കിടയിലേക്ക്, 'ഭാരത് മാതാ കീ ജയ്' മുഴക്കി
ഇന്നലെ രാവിലെ ആറുമണിയോടെ എത്തിയ പ്രധാനമന്ത്രി സൈനികരുടെ ഇടയിലേക്ക് ഇറങ്ങി. തോളിൽതട്ടി അഭിനന്ദിച്ചും ഹസ്‌തദാനം ചെയ്‌തും ഒരുമണിക്കൂറോളം അവർക്കൊപ്പം ചെലവിട്ടു. മോദി മുഴക്കിയ 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം അവർ ഏറ്റുവിളിച്ചു. വന്ദേ മാതരം മുദ്രാവാക്യം സൈനികർ മുഴക്കി.
ധീരജവാന്മാരെ സന്ദർശിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് മോദി അവരെ അഭിസംബോധന ചെയ്തത്. സൈനികരുടെ ധീരത എക്കാലവും ഓർമ്മിക്കപ്പെടുമെന്നും ഭാവി തലമുറകൾക്ക് പ്രചോദനമാകുമെന്നും പറഞ്ഞു.
എസ് - 400 തകർത്തെന്ന പാക് കള്ളത്തരം പൊളിച്ചു
ആദംപൂർ വ്യോമസേനാ താവളത്തിലെത്തി സൈനികരുമായി സംവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന്റെ അവകാശവാദങ്ങൾ കാറ്റിൽപ്പറത്തി. അതിർത്തിയിൽ നിന്ന് നൂറുകിലോമീറ്റർ ഉള്ളിലായി പഞ്ചാബിലെ ജലന്ധറിൽ സ്ഥിതി ചെയ്യുന്ന വ്യോമസേനാ താവളം
ജെ.എഫ്-17 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് പ്രഹരിച്ചെന്നും എസ്.400 വ്യോമപ്രതിരോധ സംവിധാനം തകർത്തെന്നും പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു. പാക് മിസൈലുകൾ പതിച്ച് റൺവേ തകർന്നതിനാൽ ഒരു വർഷത്തേക്ക് വ്യോമതാവളം പ്രവർത്തിക്കില്ലെന്നായിരുന്നു മറ്റൊരു വാദം.
തകർത്തുവെന്ന് സ്ഥാപിക്കാൻ മോർഫ് ചെയ്ത ഉപഗ്രഹ ചിത്രങ്ങൾ പാക് സൈന്യം ഉപയോഗിച്ചിരുന്നു. പാക് മിസൈലുകളും ഡ്രോണുകളും ചെറുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഇന്ത്യയുടെ വ്യോമതാവളമാണിത്.
ആദംപൂരിലെത്തിയ പ്രധാനമന്ത്രി സൈനികർക്ക് ആത്മവീര്യം പകരുന്ന 25 മിനിട്ട് നീണ്ട പ്രസംഗവും നടത്തി. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സേന പുറത്തുവിട്ടിരുന്നു. മോദി പ്രസംഗിക്കുന്നതിനു പിന്നിൽ എസ് 400 വ്യക്തമായി കാണാം. വ്യോമതാവളത്തിലെ എസ്-400 ദൃശ്യങ്ങൾ ആദ്യമായാണ് സേന പുറത്തുവിടുന്നത്. സൈനികരുമായി സംവദിക്കുമ്പോൾ പിന്നിൽ മിഗ് 29 വിമാനങ്ങൾ കാണുന്നുണ്ട്. ഇന്ത്യൻ സൈനികർ കാണിച്ച ധീരതയെ പ്രശംസിച്ചുകൊണ്ട് തലേന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ ഹ്രസ്വ സന്ദർശനം.
ആദംപൂർ സ്റ്റേഷൻ
പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ വ്യോമസേനയുടെ രണ്ടാമത്തെ വലിയ താവളം. മിഗ് 29,മിഗ് 21 വിമാനങ്ങളുടെ ആസ്ഥാനം (സ്ക്വാഡ്രൺ 47, സ്ക്വാഡ്രൺ 223). ഏഷ്യയിലെ ഏറ്റവും വലിയ ഒരു ഭൂഗർഭ ഹാംഗറും ഇവിടെ. റഷ്യയിൽ നിന്നു വാങ്ങിയ എസ് 400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ ഒരു യൂണിറ്റും വിന്യസിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |