തിരുവനന്തപുരം.നഷ്ടത്തിലേക്ക് മൂക്കു കുത്തിയ കേരള ഹൈടെക് ഇൻഡസ്ട്രീസ് ലിമിറ്റഡിനെ (കെൽടെക് ) മിസൈൽ പായും പോലെ കുതിച്ചുയർത്തിയത് ബ്രഹ്മോസ് ആയിരുന്നെങ്കിൽ, അതിലേക്കുള്ള വഴി തുറന്നത് അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയായിരുന്നു.ഇപ്പോൾ ബ്രഹ്മോസ് മിസൈലിന് ലോകത്ത് ഡിമാൻഡേറുമ്പോൾ അതിൽ ആന്റണിക്ക് അടക്കാനാവാത്ത സന്തോഷമുണ്ട്. ബ്രഹ്മോസിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കാനായതിന്റെ ചാരിതാർത്ഥ്യവും..
കേരള വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെൽടെക് പൂട്ടുന്ന അവസ്ഥയിലെത്തിയപ്പോഴാണ് തൊഴിലാളികൾ ആന്റണിക്ക് നിവേദനം നൽകിയത്.തിരുവനന്തപുരത്തു വന്നപ്പോൾ അദ്ദേഹം കെൽടെക് സന്ദർശിച്ചു.സംസ്ഥാന വ്യവസായ മന്ത്രി എളമരം കരീമും ആന്റണിയെക്കണ്ട് പ്രതിരോധ വകുപ്പിന്റെ സഹായം അഭ്യർത്ഥിച്ചു.കേരളത്തിൽ
സമരങ്ങളാണെന്നും ബ്രഹ്മോസിന്റെ യൂണിറ്റ് തുടങ്ങുന്നത് നഷ്ടക്കച്ചവടമാകും
എന്നുമായിരുന്നു പ്രതിരോധ മന്ത്രാലയത്തിലെ വിദഗ്ധരുടെ ഉപദേശം. എന്നാൽ ആന്റണി വിട്ടില്ല.അദ്ദേഹം ഡി.ആർ.ഡി.ഓയുടെ കീഴിലെ ബ്രഹ്മോസ് ഡിവിഷൻ സ്ഥാപക മേധാവിയായ എ.ശിവതാണു പിള്ളയെ വിളിച്ചു വരുത്തി.നാഗർകോവിൽ സ്വദേശിയായ ശിവതാണുപിള്ള ഇന്ത്യയുടെ മിസൈൽമാനും മുൻ രാഷ്ട്രപതിയുമായ ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്റെ
ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു.അദ്ദേഹം ആന്റണിയുടെ നിർദ്ദേശത്തോട് യോജിച്ചു. ബ്രഹ്മോസ് യൂണിറ്റ് തുടങ്ങണമെങ്കിൽ കൂടുതൽ സ്ഥലം വേണം.എയർപോർട്ടിന്റെ ക്വാർട്ടേഴ്സിനായി നീക്കിവച്ച സ്ഥലം ബ്രഹ്മോസിനായി ഏറ്റെടുത്തു. പകരം ഇരുപതേക്കർ ഏറ്റെടുത്ത് എയർപോർട്ടിനു നൽകി.
കെൽടെകിൽ ബ്രഹ്മോസിന്റെ നിർമ്മാണ യൂണിറ്റ് ആരംഭിച്ചു.ശിവതാണുപിള്ളയുടെ റോൾ നിർണായകമായിരുന്നുവെന്ന് ആന്റണി ഓർക്കുന്നു. ബ്രഹ്മോസ് മിസൈലിന്റെ ലോഞ്ചർ കണ്ടെയ്നറടക്കം ചില ഘടകങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. പ്രണബ് മൂഖർജിയാണ് തുടങ്ങി വച്ചതെങ്കിലും പ്രതിരോധമന്ത്രിയായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച ആന്റണിയുടെ കാലത്താണ് ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്റെ ആസൂത്രണത്തിൽ ബ്രഹ്മോസ് എന്ന ബ്രഹ്മാസ്ത്രം ഇന്ത്യയുടെ ആവനാഴിയിലെ പ്രധാന ആയുധമായത്. റഷ്യയുമായുള്ള സംയുക്ത സംരംഭമായതിനാൽ റഷ്യയിലെ ഡിഫൻസ് ഫാക്ടറിയൊക്കെ പ്രതിരോധമന്ത്രിയെന്ന നിലയിൽ ആന്റണി സന്ദർശിച്ചിട്ടുണ്ട്. കെൽടെക് പിന്നീട് പൂർണമായും ഡി.ആർ.ഡി.ഒ ഏറ്റെടുത്തു.
'' ഇന്നിപ്പോൾ എല്ലാവർക്കും ബ്രഹ്മോസ് വേണം..അതിൽ വലിയ സന്തോഷമുണ്ട് കുറെ സ്ഥലം കൂടി ഏറ്റെടുത്ത് നൽകണം.അപ്പോൾ ഇന്ത്യയിലേ ഏറ്റവും വലിയ യൂണിറ്റായി തിരുവനന്തപുരം ബ്രഹ്മോസ് യൂണിറ്റ് മാറും.' ,ആന്റണി പറഞ്ഞു.എളമരം കരീമിന്റെ പിന്തുണയും നിലപാടും വളരെ പ്രധാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |