തൃശൂർ: കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപകരുടെ പണം തിരിച്ചു നൽകാൻ കണ്ടെത്തിയ വഴി ഏതാണ്ട് അടഞ്ഞ നിലയിൽ.
ബാങ്ക് കൈവശപ്പെടുത്തിയതും കുടിശികയുള്ളതുമായ വസ്തുക്കൾ വാങ്ങാൻ ബാങ്കിലെ സ്ഥിര നിക്ഷേപകർക്ക് അവസരം നൽകലായിരുന്നു ഒരു ഉപാധി.സ്ഥിര നിക്ഷേപമുണ്ടായിട്ടും പണം കിട്ടാത്തവർക്ക്, ഈ തുക ഉപയോഗിച്ച് വസ്തുക്കൾ വാങ്ങാം. ബന്ധുക്കളുടെയും പരിചയക്കാരുടെയും വരെ കുടിശിക ഏറ്റെടുക്കാൻ തയ്യാറായി ഇത്തരത്തിൽ സ്ഥിരനിക്ഷേപകരെത്തി. അനിശ്ചിതത്വത്തിലായ നിക്ഷേപപ്പണം ഈ രീതിയിൽ തിരിച്ചുപിടിക്കാമെന്ന ആശ്വാസത്തിലായിരുന്നു പലരും. പക്ഷേ ഇത്തരം കാര്യത്തിന് സ്ഥിരനിക്ഷേപത്തുകയുടെ പരമാവധി 50 ശതമാനം മാത്രമേ നൽകൂവെന്ന നിലപാടിലായി ബാങ്ക്. ബാക്കി 50 ശതമാനം സ്വന്തം നിലയിൽ കണ്ടെത്തണം.
ബാങ്കിൽ സ്ഥിര നിക്ഷേപമിട്ട് സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് ബാക്കി 50 ശതമാനം തുക കണ്ടെത്തുക സാദ്ധ്യമല്ല. മുഴുവൻ തുകയും നൽകണമെന്ന നിക്ഷേപകരുടെ ആവശ്യം അനുവദിച്ചാൽ നിക്ഷേപം കുറയും. കൈവശപ്പെടുത്തുന്ന വസ്തുക്കളും കുടിശികപ്പണവും വഴി കിട്ടേണ്ട പണത്തിന്റെ വരവും കുറയും.
നൽകാനുള്ളത്
കോടികൾ
2021 ജൂലായ് 14നാണ് കരുവന്നൂർ തട്ടിപ്പിൽ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 125 കോടിയിലധികം വായ്പക്കാരിൽ നിന്നും തിരിച്ചുപിടിച്ചപ്പോൾ 135 കോടി തിരികെ നൽകി. 273 കോടി നിക്ഷേപിച്ചവർ കൂടി തങ്ങളുടെ പണം ആവശ്യപ്പെട്ട് ബാങ്കിനെ സമീപിക്കുന്നത് പതിവായി. കിട്ടാനായി 382 കോടിയുണ്ടെങ്കിലും ഈ തുക ലഭിച്ചിട്ടില്ല. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നേതാക്കൾ അവരുടെ മക്കളുടെ പേരിലും മറ്റും വായ്പ വാങ്ങി തിരിച്ചടയ്ക്കാത്തതായുണ്ട്. ഇവർക്കെതിരെ നടപടിയെടുക്കാനും ബാങ്ക് തയ്യാറല്ല. ചികിത്സ, പഠനം, വിവാഹം തുടങ്ങിയ കാര്യങ്ങളുമായി എത്തുന്നവർക്കും നിക്ഷേപത്തിന്റെ വിഹിതം തിരികെ നൽകാൻ വിഷമിക്കുകയാണ് ബാങ്ക്.
കരുവന്നൂർ തട്ടിപ്പ് സംബന്ധിച്ച് ഇ.ഡി നടത്തിയ അന്വേഷണവും തണുത്തു. ചില പ്രമുഖരെ ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല. സി.പി.എം ജില്ലാ സെക്രട്ടറിമാരായിരുന്ന മുൻ മന്ത്രി എ.സി.മൊയ്തീൻ, കെ.രാധാകൃഷ്ണൻ, എം.എം.വർഗീസ് എന്നിവരെ ചോദ്യം ചെയ്ത് വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |