കോഴിക്കോട്: കേരളത്തിൽ ദേശീയപാത വികസനം വെറുതേ വന്നതല്ലെന്നും അതിന് പിന്നിൽ സർക്കാരിന്റെ ഇച്ഛാശക്തിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് കടപ്പുറത്ത് എൽ.ഡി.എഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പലരും പറയുന്നത് ദേശീയപാത വികസനം എങ്ങിനെയാണ് കേരള സർക്കാരിന് അവകാശപ്പെടാനാവുന്നത്. അത് കേന്ദ്ര പദ്ധതിയല്ലേ എന്നാണ്. ശരിയാണ്. എന്നിട്ടെന്തേ 2016ന് മുമ്പ് ഈ പാത ഒരുങ്ങിയില്ല. യാഥാർത്ഥ്യം എന്താണ്. യു.ഡി.എഫ് ഭരണകാലത്ത് ദേശീയപാത അതോറിറ്റിക്ക് സ്ഥലം വിട്ടുകിട്ടാത്തതിനാൽ ഉപേക്ഷിച്ചുപോയതാണ് പദ്ധതി. ഇടത് സർക്കാർ വന്നപ്പോൾ അത് പുനരുജ്ജീവിപ്പിച്ചു. സ്ഥലം തങ്ങൾ എടുത്തു നൽകാമെന്നുപറഞ്ഞു. പക്ഷെ അവർ തയ്യാറായില്ല. കേരളത്തിൽ സ്ഥലത്തിന് നൽകേണ്ടത് വലിയ തുകയാണ്. അങ്ങിനെ സ്ഥലം ഏറ്റെടുക്കലിന്റെ 25 ശതമാനം തുക കേരളം വഹിച്ചു. ആ വകയിൽ നൽകിയത് 5600 കോടിയാണ്. അത് 2016ന് മുമ്പ് കേരളം ഭരിച്ച യു.ഡി.എഫ് സർക്കാർ നടത്തിയ കെടുകാര്യസ്ഥതയുടെ പിഴയാണെന്നും പിണറായി പറഞ്ഞു.
ചടങ്ങിൽ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹ്ബൂബ് അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, മേയർ ഡോ.ബീന ഫിലിപ്പ്, എളമരം കരീം, എ.പ്രദീപ്കുമാർ, അഹമ്മദ് ദേവർകോവിൽ, പി.മോഹനൻ, ശ്രേയാംസ് കുമാർ, കെ.കെ.ലതിക, ഇ.കെ.വിജയൻ, സത്യൻമൊകേരി, മനയത്ത് ചന്ദ്രൻ, മുക്കം മുഹമ്മദ്, പി.നിഖിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |