കൊല്ലം: സംവിധായകനും ബിഗ്‌ബോസ് ജേതാവുമായ അഖിൽ മാരാർക്കെതിരെ കേസെടുത്ത് പൊലീസ്. സോഷ്യൽ മീഡിയ വഴി ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര നൽകിയ പരാതിയിലാണ് കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യ - പാകിസ്ഥാൻ ഏറ്റുമുട്ടലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയിൽ അഖിൽ മാരാർ ദേശവിരുദ്ധ പ്രസ്താവനകൾ നടത്തിയെന്നാണ് പരാതി.
യുദ്ധം അവസാനിപ്പിക്കണം എന്നതിന് യാതൊരു തർക്കവും വേണ്ട. എന്നാലത് ആത്മാഭിമാനം അമേരിക്കയ്ക്ക് പണയം വെച്ചിട്ടാവരുത് എന്ന് അഖിൽ മാരാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. യുക്രൈൻ പോലും അമേരിക്ക പറഞ്ഞത് കേട്ടില്ല. ഇവിടെ ഇപ്പോഴും സായിപ്പിന്റെ ഓശാന കേട്ട് ജീവിക്കുന്ന ഭരണാധികാരി ആയിപോയെന്നും അഖിൽ മാരാർ പോസ്റ്റിൽ കുറിച്ചു.
അഖിൽ മാരാറിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ സൈബർ ആക്രമണങ്ങളാണുണ്ടായത്. വിവാദമായതോടെ അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ നിന്ന് പോസ്റ്റ് നീക്കം ചെയ്തിരുന്നു. 'അഖിൽ മാരാർ ഫേസ്ബുക്കിലൂടെ നടത്തിയത് ദേശവിരുദ്ധ പ്രസ്താവനയാണ്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഒറ്റക്കെട്ടായി പാകിസ്ഥാനെതിരെ തിരിച്ചടിക്കുമ്പോൾ തികച്ചും ദേശവിരുദ്ധമായ പ്രസ്താവനയാണ് അഖിൽ മാരാർ നടത്തിയത്'- അനീഷ് കിഴക്കേക്കര മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |