തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരായിരുന്ന പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും ഉയർന്ന പെൻഷൻ അനുവദിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് തീരുമാനമെന്നാണ് വിശദീകരണം. വെള്ളിയാഴ്‌ചയാണ് സംസ്ഥാന പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. പെൻഷൻ ആനുകൂല്യത്തിന് സർക്കാർ സർവീസിനൊപ്പം പിഎസ്‌സി അംഗമെന്ന നിലയിലെ സേവനകാലവും പരിഗണിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
പിഎസ്‌സി ചെയർമാന്റെ ശമ്പളം 3.87 ലക്ഷമായും അംഗങ്ങളുടേത് 3.80 ലക്ഷമായും ഉയർത്തി നേരത്തെ ഉത്തരവ് പുറത്തുവന്നിരുന്നു. ഇതുപ്രകാരം പിഎസ്‌സി ചെയർമാന് 2.50 ലക്ഷം രൂപയും അംഗങ്ങൾക്ക് 2.25 ലക്ഷം രൂപയുമാണ് പെൻഷൻ ലഭിക്കുക. എന്നാൽ പുതിയ ഉത്തരവുപ്രകാരം പെൻഷൻ തുക ഇനിയും ഉയരും.
പിഎസ്‌സി അംഗങ്ങളായിരുന്ന പി ജമീല, ഡോ.ഗ്രീഷ്‌മ മാത്യു, ഡോ. കെ ഉഷ എന്നിവർ പെൻഷനുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ ഉത്തരവ്. ഇവർ മൂന്നുപേരും സർക്കാർ സർവീസിൽ നിന്ന് പിഎസ്‌സി അംഗങ്ങളായി ചുമതലയേറ്റവരാണ്. സർക്കാർ സർവീസിന്റെ പെൻഷനായിരുന്നു ഇവർക്ക് ലഭിച്ചിരുന്നത്. എന്നാൽ പിഎസ്‌സി ശമ്പളം ഉയർത്തിയപ്പോൾ തങ്ങൾക്കും ഉയർന്ന പെൻഷന് അർഹതയുണ്ടെന്ന് കാട്ടി ഇവർ ഉയർന്ന പെൻഷൻ ആവശ്യപ്പെട്ടു. നേരത്തെയുള്ള ചട്ടം ചൂണ്ടിക്കാട്ടി സർക്കാർ ഈ ആവശ്യം നിരസിച്ചു. തുടർന്ന് മൂന്നുപേരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നേരത്തെ സർക്കാർ സർവീസിലുണ്ടായിരുന്നവർക്ക് ഉയർന്ന പെൻഷൻ ലഭിക്കുന്നുണ്ടെന്ന് ഇവർ കോടതിയിൽ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ഉചിതമായ തീരുമാനമെടുക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയിലെത്തി. അപ്പീൽ നൽകുന്നതുകൊണ്ട് കാര്യമുണ്ടാകില്ലെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടിയതോടെ ഉയർന്ന പെൻഷൻ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |