ന്യൂഡല്‍ഹി/ ഇസ്ലാമാബാദ്: സിന്ധു നദീജല കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യക്ക് കത്തയച്ച് പാകിസ്ഥാന്‍. കരാര്‍ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനില്‍ കടുത്ത പ്രതിസന്ധിക്ക് വഴിവച്ചിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യ തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണം എന്നുമാണ് പാകിസ്ഥാന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ ജലവിഭവ മന്ത്രാലയ സെക്രട്ടറിക്ക് കത്തെഴുതിയതായി ചില ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിഷയം ചര്‍ച്ച ചെയ്യാനുള്ള തങ്ങളുടെ സന്നദ്ധതയും പാകിസ്ഥാന്‍ കത്തിലൂടെ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 22ന് കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു വിദേശി ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ കടുത്ത തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ നിരവധി തീരുമാനങ്ങളില്‍ ഒന്നായ സിന്ധു നദീജല കരാര്‍ റദ്ദാക്കല്‍ പാകിസ്ഥാന് കനത്ത തിരിച്ചടിയായിരുന്നു.
1960ല്‍ ലോകബാങ്കിന്റെ മദ്ധ്യസ്ഥതയില്‍ നടപ്പിലാക്കിയ കരാറാണ് ഇന്ത്യ താത്കാലികമായി മരവിപ്പിച്ചത്. അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്ഥാന്‍ ഉപേക്ഷിക്കുന്നതുവരെ കരാര്‍ മരവിപ്പിക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനം. പഹല്‍ഗാം ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കിയെങ്കിലും സിന്ധു നദീജല കരാര്‍ പുനഃസ്ഥാപിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഭീകരതയെ പിന്തുണയ്ക്കുന്നവരോട് യാതൊരു സഹകരണവും വേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം.
സിന്ധു നദീജല കരാര്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത് 'ഇന്ത്യയുടെ ജലം വിദേശത്തേക്ക് ഒഴുകിയിരുന്നു, ഇനി ഇന്ത്യയുടം ജലം ഇന്ത്യക്ക്, രക്തവും വെള്ളവും ഒരുമിച്ച് ഒഴുകുന്ന ഏര്‍പ്പാട് ഇനി നടക്കില്ല' എന്നായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |