കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നയിക്കുന്ന ജാഥയ്ക്കിടെ സംഘര്‍ഷം. കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്ത് സി.പി.എം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ നയിക്കുന്ന ജാഥ മലപ്പട്ടം ടൗണില്‍ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സി.പി.എം മലപ്പട്ടം ലോക്കല്‍ കമ്മിറ്റി ഓഫിസിന് മുന്നിലായിരുന്നു ഇത്.
പൊലീസ് സംഭവസ്ഥലത്ത് എത്തി ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും സംഘര്‍ഷം ഉണ്ടായി. സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസായ എ. കുഞ്ഞിക്കണ്ണന്‍ സ്മാരക മന്ദിരത്തിന് മുന്നിലാണ് ഇരു വിഭാഗവും സംഘടിച്ചത്. തങ്ങള്‍ നേരത്തെ അനുമതി വാങ്ങി നടത്തിയ പരിപാടിക്ക് നേരെ സിപി.എം പ്രവര്‍ത്തകരാണ് അക്രമം കാട്ടിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാനാണ് എ.സി.പി ആവശ്യപ്പെട്ടത്. സി.പി.എമ്മുകാര്‍ അക്രമം കാട്ടുന്നതിന് യൂത്ത് കോണ്‍ഗ്രസുകാര്‍ എന്തിനാണ് പിരിഞ്ഞുപോകുന്നതെന്നും അദ്ദേഹം ചോദിച്ചു.
സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന സിപിഎം ഭീകരതയ്‌ക്കെതിരെ ജനാധിപത്യ അതിജീവന യാത്ര എന്ന പേരിലാണ് അടുവാപ്പുറും മുതല്‍ മലപ്പട്ടം വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചത്. അതേസമയം, സമൂഹമാദ്ധ്യമങ്ങള്‍ വഴി തങ്ങളുടെ പദയാത്രയെ ആര്‍ജ്ജവമുണ്ടെങ്കില്‍ തടുത്ത് നോക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സിപിഎം പ്രവര്‍ത്തകരെ വെല്ലുവിളിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |