തിരുവനന്തപുരം: മാരകായുധങ്ങളുമായി വീട് കയറി ആക്രമിച്ച സംഭവത്തിൽ പിടിയിലായ മൂന്ന്
പ്രതികളെ റിമാൻഡ് ചെയ്തു. പാപ്പനംകോട് മംഗലശ്ശേരി ലൈനിൽ പൂന്തോപ്പ് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന കുഞ്ഞുവാവ എന്ന വിജയരാജ് (25), മണക്കാട് നെടുങ്കാട് സോമൻ നഗർ വടക്കേവിള പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മൈക്ക് മണി,സ്ക്രാച്ച് എന്നീ വിളിപ്പേരുകളുള്ള മണികണ്ഠൻ(21),നെടുങ്കാട് വാർഡിൽ നെടുങ്കാട് അനിൽ നഗർ ടി.സി 21/782(1)ൽ വാടകയ്ക്ക് താമസിക്കുന്ന വിശേഷ് (23) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. നാലാം പ്രതി നീറമൺകര സ്വദേശി വിച്ചു എന്ന വിഷ്ണു ഇപ്പോഴും ഒളിവിലാണ്.
ലഹരി സംഘത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്ന് സംശയത്തിൽ, കരമന നെടുങ്കാട് മങ്ങാട്ടുകോണം ടി.സി 21/ 948 എസ്.എൻ.ആർ.എ-134 മേലേ കുളച്ചിവിള വീട്ടിൽ നാഗരാജൻ മകൻ ശിവകുമാറിന്റെ (39) വീടിന് നേരെയാണ് നാലംഗസംഘം ആക്രമണം നടത്തിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം.പ്രതികളിലൊരാളായ മണികണ്ഠന്റെ വീടിനടുത്താണ് ശിവകുമാറിന്റെ വീട്.സംഘം അർദ്ധരാത്രിയിൽ അതുവഴി വന്നപ്പോൾ ശിവകുമാർ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം.സംഭവത്തിനുശേഷം ഇവിടുന്നുപോയ സംഘം രണ്ട് മണിക്കൂർ കഴിഞ്ഞ് വടിവാൾ,വെട്ടുകത്തി തുടങ്ങിയ മാരകായുധങ്ങളുമായി തിരികെയെത്തി ആക്രമിക്കുകയായിരുന്നു.
ഈസമയം വീടിന്റെ രണ്ടാം നിലയിലായിരുന്നതിനാൽ ശിവകുമാറും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.താഴത്തെ നിലയിലുണ്ടായിരുന്ന ഫ്രിഡ്ജ്,വാഷിംഗ് മെഷീൻ,വീടിന്റെ ജനാലകൾ എന്നിവ സംഘം തകർത്തു.വർഷങ്ങൾക്ക് മുൻപ് കൊഞ്ചിറവിള സ്വദേശിയെ ആളൊഴിഞ്ഞ പറമ്പിൽ വച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളാണ് വിജയരാജെന്ന് കരമന പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |