കൊച്ചി: ലോകത്തേറ്റവുമധികം കൃഷി ചെയ്യുന്ന, ഭാവിയുടെ പൈനാപ്പിളെന്നറിയപ്പെടുന്ന എം.ഡി 2 ഇനം കേരളത്തിൽ വേരുറയ്‌ക്കുന്നില്ല. ഉയർന്ന വിളവും വിലയും വിപണി മൂല്യവുമുണ്ടെങ്കിലും കൃഷി വകുപ്പിൽ നിന്നുൾപ്പെടെ സഹായം ലഭിക്കാത്തതാണ് തിരിച്ചടിയായതെന്നാണ് കർഷകരുടെ പരാതി.
കേരളത്തിൽ കൃഷിചെയ്യുന്ന 99 ശതമാനം പൈനാപ്പിളും മൗറീഷ്യസ് ഇനമാണ്. മംഗളൂരു, ഗോവ, കന്യാകുമാരി, പൂനെ മേഖലകളിൽ എം.ഡി 2 കൃഷി വ്യാപകമാണ്. പൂനെയിൽ നിന്ന് ദുബായിലേക്ക് കയറ്റുമതിയും പരീക്ഷിച്ചു. ടിഷ്യൂ കൾച്ചർ തൈയാണ് നടുന്നത്. മുതിർന്ന ചെടിയിൽ മുളയ്‌ക്കുന്ന കാനി (സക്കർ) നട്ടും വളർത്താം. പൂനെ, ബംഗളൂരു എന്നിവിടങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങൾ തൈ ഉത്പാദിപ്പിക്കുന്നുണ്ട്.
എന്നാൽ തൈ നടൽ, വളം, കീടനാശിനിപ്രയോഗം എന്നിവ സംബന്ധിച്ച് വ്യക്തമായ നിർദ്ദേശം കർഷകർക്ക് ലഭിക്കുന്നില്ല. പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിന്റെ സഹായവുമില്ല.
കയറ്റുമതിക്ക് അനുയോജ്യം
ഗോൾഡൻ റൈപ്, സൂപ്പർ സ്വീറ്റ് എന്നും എം.ഡി 2വിന് വിളിപ്പേരുണ്ട്. തൊലിക്ക് കനം കുറവായതിനാൽ പൾപ്പ് കൂടുതലുണ്ടാകും. ജ്യൂസ്, ജാം തുടങ്ങിയ മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് അനുയോജ്യം. പഴം ഒരുമാസവും പച്ച ഒന്നരമാസം വരെയും കേടാകില്ല. അതുകൊണ്ട് കയറ്റുമതിക്കും അനുയോജ്യം. ഒരു പൈനാപ്പിൾ മൂന്നരക്കിലോ വരെയുണ്ട്. ഒരേക്കറിൽ 25,000 തൈ നടാം. മൗറീഷ്യസിന് ഏക്കറിൽ 12 ടൺ വിളവ് കിട്ടുമ്പോൾ എം.ഡി 2വിന് 18 ടൺ ലഭിക്കും.
'കയറ്റുമതിക്കും മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കും അനുയോജ്യമായതിനാൽ ഭാവിയുടെ പൈനാപ്പിളാണ് എം.ഡി 2".
- ബേബി ജോൺ,
പ്രസിഡന്റ്, പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ
'തൈകളും കൃഷിക്ക് സാങ്കേതിക പിന്തുണയും ലഭിക്കാത്തതിനാലാണ് എം.ഡി 2വിൽ നിന്ന് കർഷകർ മാറിനിൽക്കുന്നത്".
- ജോബിൻ,
കർഷകൻ, കൂത്താട്ടുകുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |