തിരുവനന്തപുരം: വ്യവസായ മേഖലയിൽ കേരളം നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്കും നയപരിപാടികൾക്കും പൊതുരൂപം നൽകാൻ വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾക്ക് റീബ്രാൻഡിംഗ് പ്രഖ്യാപിച്ചു. മന്ത്രി പി.രാജീവ് റീബ്രാൻഡിംഗ് ലോഗോ പ്രകാശനം ചെയ്തു. വ്യവസായ മേഖലയുടെ സ്വഭാവം ഗുണകരമായി മാറ്റാൻ കേരളത്തിനായെന്നും ലോകം ശ്രദ്ധിക്കുന്ന നിക്ഷേപകേന്ദ്രമായി കേരളം ഉയരുകയാണെന്നും മന്ത്രി പറഞ്ഞു. പ്രകൃതിയോട് ചേർന്നതും അറിവ് മൂലധനമായി മാറുന്നതുമായ വ്യവസായങ്ങൾ, ഉയർന്ന സാങ്കേതിക വൈദഗ്ദ്ധ്യമുള്ള മാനവവിഭവ ശേഷി ആവശ്യമായി വരുന്ന വ്യവസായങ്ങൾ, പുതുതലമുറ വ്യവസായങ്ങൾ എന്നിവയുടെയെല്ലാം കേന്ദ്രമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. ഈ കാഴ്ചപ്പാട് മുൻനിർത്തിയാണ് റീബ്രാൻഡിംഗ് സാദ്ധ്യമാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
റീബ്രാൻഡിംഗിലൂടെ വ്യവസായ വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ബോർഡുകളും ഉൾപ്പെടെ പുന:ക്രമീകരിക്കും. വ്യവസായ ഡയറക്ടറേറ്റ്, ഡയറക്ടറേറ്റിനു കീഴിലുള്ള ജില്ലാ, താലൂക്ക്, ബ്ലോക്ക് തല ഓഫീസുകൾ, കെ.എസ്.ഐ.ഡി.സി, കിൻഫ്ര, കെബിപ്പ്, പൊതുമേഖലാ സ്ഥാപനങ്ങൾ, കയർ, കശുവണ്ടി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയെല്ലാം മാറ്റത്തിന് വിധേയമാകും.
പരിസ്ഥിതി, സമൂഹം എന്നിവയെ പരിഗണിച്ചുകൊണ്ടുളള സുസ്ഥിര വികസന നയമാണ് വ്യവസായ മേഖലയിൽ കേരളം നടപ്പിലാക്കുന്നതെന്ന് വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു.
കെ.എസ്.ഐ.ഡി.സി എം.ഡി മിർ മുഹമ്മദ് അലി , വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ് പി, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |