സിന്ധു കരാർ പുനഃസ്ഥാപിക്കാൻ കത്ത്
ബി.എസ്.എഫ് ജവാനെ മോചിപ്പിച്ചു
പാക് റേഞ്ചറെ ഇന്ത്യയും വിട്ടുനൽകി
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ റദ്ദാക്കിയ സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യയ്ക്ക് കത്തെഴുതി പാകിസ്ഥാൻ. പാകിസ്ഥാന് ആയുധം കൊടുത്ത് ആളായി ഇന്ത്യൻ ടൂറിസ്റ്റുകളെ നഷ്ടപ്പെട്ടതോടെ കാലുപിടിച്ച് തുർക്കി. ഓപ്പറേഷൻ സിന്ദൂറിന്റെ അഭിമാന വിജയം നമ്മൾ ആഘോഷിക്കെ, എതിരാളികളുടെ സ്ഥിതി ഇതാണ്.
വെള്ളം മുട്ടിയതോടെ സർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ് പാക് ജനത. പ്രതിഷേധം രൂക്ഷമാകുന്നത് കണ്ടാണ് സിന്ധു ജലം തടയരുതെന്നഭ്യർത്ഥിച്ചിരിക്കുന്നത്. പാക് ജലവിഭവ സെക്രട്ടറി സെയ്ദ് അലി മിർസ കേന്ദ്ര ജലവിഭവ സെക്രട്ടറിക്കാണ് കത്തയച്ചത്. മറുപടി നൽകിയിട്ടില്ല. ജലവും രക്തവും ഒന്നിച്ചൊഴുകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു.
അതേസമയം, 22 ദിവസം കസ്റ്റഡിയിൽ വച്ച ബി.എസ്.എഫ് ജവാൻ പൂർണംകുമാർ ഷായെ പാകിസ്ഥാൻ വിട്ടുനൽകി. കസ്റ്റഡിയിലെടുത്ത പാക് റേഞ്ചറെ ഇന്ത്യയും മോചിപ്പിച്ചു. ഇന്നലെ രാവിലെ 10.30നാണ് അട്ടാരി അതിർത്തിയിൽ പാകിസ്ഥാൻ റേഞ്ചേഴ്സ് ഷായെ കൈമാറിയത്. പശ്ചിമബംഗാൾ സ്വദേശിയാണ്. മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയനാക്കി. ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം കുടുംബത്തോടൊപ്പം വിടും. 40കാരനായ ഷാ 17 വർഷമായി ബി.എസ്.എഫിലുണ്ട്. ഏപ്രിൽ 23ന് പഞ്ചാബിലെ ഫിറോസ്‌പൂരിൽ കർഷകർക്ക് സംരക്ഷണം നൽകവെ അബദ്ധത്തിൽ അതിർത്തി ലംഘിക്കുകയായിരുന്നു.
നിരവധി ഫ്ളാഗ് മീറ്റിംഗുകൾ നടന്നെങ്കിലും പാകിസ്ഥാൻ മോചിപ്പിക്കാതെ ഒളിച്ചുകളി തുടർന്നു. ഷായെ അതിർത്തിയിൽ നിന്ന് മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് തിരിച്ചടി നൽകുന്നതിനിടെയാണ് പാക് റേഞ്ചർ ബി.എസ്.എഫിന്റെ പിടിയിലായത്.
മോദി ഉണ്ടെങ്കിൽ എല്ലാം സാദ്ധ്യം. ഭർത്താവിനെ തിരിച്ചെത്തിച്ച് എന്റെ സിന്ദൂരവും സംരക്ഷിച്ചു.
- ഷായുടെ ഭാര്യ രജനി
തുർക്കി വേണ്ടെന്ന്
കൂട്ടത്തോടെ
ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനൊപ്പം നിന്ന തുർക്കിയിലേക്കും അസർബൈജാനിലുക്കുമുള്ള വിനോദ യാത്രകൾ ഇന്ത്യക്കാർ കൂട്ടത്തോടെ റദ്ദാക്കുകയാണ്. ഇതോടെ ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംഗുകൾ മേക്ക് മൈ ട്രിപ്പ് ഉൾപ്പെടെ പ്രമുഖ ഓൺലൈൻ യാത്രാ പ്ലാറ്റ്ഫോമുകൾ നിറുത്തിവച്ചു. ഇന്ത്യൻ സഞ്ചാരികൾ യാത്ര റദ്ദാക്കരുതെന്ന് തുർക്കി ടൂറിസം ഡിപ്പാർട്ട്മെന്റ് അഭ്യർത്ഥിച്ചു. തുർക്കിക്കെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം വ്യാപകമാണ്.
പാകിസ്ഥാന് ആയുധം നൽകുന്നവരെ ഒഴിവാക്കണം. റഷ്യ, അർമേനിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ തിരഞ്ഞെടുക്കണം.
- പ്രശാന്ത് പിറ്റി,
ഈസ് മൈട്രിപ്പ് സഹസ്ഥാപകൻ
2024ൽ ഇന്ത്യൻ
സഞ്ചാരികൾ
തുർക്കി: 3.3 ലക്ഷം
അസർബൈജാൻ: 2.43 ലക്ഷം
₹ 3,000 കോടി
ഇന്ത്യക്കാർ ചെലവഴിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |