ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. മന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി ഉൾപ്പെടുത്തി. പഹൽഗാം ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയ പശ്ചാത്തലത്തിൽ അദ്ദേഹം വിവിധ ലോക നേതാക്കളുമായും വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും സംസാരിച്ചുവരികയാണ്.
ജയശങ്കറിന്റെ സുരക്ഷയെക്കുറിച്ച് കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ അടുത്തിടെ അവലോകനം നടത്തിയതായും അദ്ദേഹത്തിന്റെ ഇസഡ് കാറ്റഗറി വാഹനവ്യൂഹത്തിൽ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുൾപ്പെടുത്താൻ ശുപാർശ ചെയ്തതായും അധികൃതർ അറിയിച്ചു.
നിലവിൽ ഇസെഡ് കാറ്റഗറി സുരക്ഷയാണ് ജയശങ്കറിനുള്ളത്. സി.ആർ.പി.എഫാണ് ഈ കാറ്റഗറിയിലുള്ള വി.ഐ.പികൾക്ക് സുരക്ഷ ഒരുക്കുന്നത് . 2024 ഒക്ടോബറിലാണ് ജയശങ്കറിന്റെ സുരക്ഷ വൈ വിഭാഗത്തിൽനിന്ന് സെഡിലേക്ക് ഉയർത്തിയത്. രാജ്യത്തെവിടെ പോയാലും സായുധരായ സി.ആർ.പി.എഫ് സേനാംഗങ്ങൾ അദ്ദേഹത്തിന് ശക്തമായ സുരക്ഷ ഒരുക്കും. നിലവിൽ ആഭ്യന്തരമന്ത്രി അമിത്ഷാ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ദലൈലാമ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ളവർക്ക് സി.ആർ.പി.എഫാണ് സുരക്ഷ നൽകുന്നത്. പഹൽഗാം ആക്രമണത്തെ തുടർന്ന് വി.ഐ.പികളുടെ സുരക്ഷ ശക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |