ന്യുഡൽഹി: ഒരു മുസ്ലീം യുവാവ് തന്റെ എല്ലാ ഭാര്യമാരെയും തുല്യമായി പരിഗണിക്കുന്നിടത്തോളം കാലം ഒന്നിലധികം വിവാഹം കഴിക്കാൻ അർഹതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷണം. ഖുർആൻ പ്രകാരം ബഹുഭാര്യത്വം വ്യവസ്ഥാപിതമായി അനുവദിച്ചിട്ടുള്ളതാണെന്നും എന്നാൽ പുരുഷന്മാർ "സ്വാർത്ഥ താല്പര്യങ്ങളാൽ " അത് മുതലെടുക്കുകയാണെന്നും കോടതി ചൂണ്ടികാണിച്ചു. മൊറാദാബാദിലെ കോടതി പുറപ്പെടുവിച്ച ഫുർകാൻ എന്നയാൾക്കെതിരെയുള്ള കുറ്റപത്രം, കോഗ്നിസൻസ്, സമൻസ് എന്നീ ഉത്തരവുകൾ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അരുൺ കുമാർ സിംഗ് ദേസ്വാളിന്റെ സിംഗിൾ ബെഞ്ചാണ് ഈ പരാമർശം നടത്തിയത്.
2020 ൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് അറിയിക്കാതെ തന്നെ വിവാഹം കഴിച്ചുവെന്നാരോപിച്ച് ഫുർകാനെതിരെ ഒരു സ്ത്രീ പരാതി നൽകിയതാണ് കേസ്. വിവാഹസമയത്ത് ഫുർകാൻ തന്നെ ബലാത്സംഗം ചെയ്തതായും അവർ ആരോപിച്ചു. ഇതിനെത്തുടർന്ന് മൊറാദാബാദ് പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുകയും ഫുർകാനും മറ്റ് രണ്ട് പേരും ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് സമൻസ് അയച്ചു.
എന്നാൽ, ഫുർകാനുമായി ഏറെ നാളത്തെ ബന്ധത്തിന് ശേഷമാണ് യുവതി വിവാഹം കഴിച്ചതെന്നും ഇക്കാര്യം യുവതി സമ്മതിച്ചെന്നും ഫുർകാന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) സെക്ഷൻ 494 പ്രകാരം- മറ്റൊരാളെ വിവാഹം കഴിച്ചിരിക്കെ വിവാഹം കഴിക്കുന്നത് കുറ്റകരമാകണമെങ്കിൽ രണ്ടാം വിവാഹം അസാധുവായിരിക്കണമെന്നും അദ്ദേഹം വാദിച്ചു
യൂണിഫോം സിവിൽ കോഡിനു (യുസിസി) വേണ്ടി വാദിക്കുമ്പോൾ, ഒരു മുസ്ലീം യുവാവിന് നാല് തവണ വരെ വിവാഹം കഴിക്കാൻ അനുവാദമുള്ളതിനാൽ ഇയാൾ ഒരു കുറ്റകൃത്യം ചെയ്തിട്ടില്ലെന്ന് ജസ്റ്റിസ് ദേസ്‌വാൾ പറഞ്ഞു. ഖുർആൻ ബഹുഭാര്യത്വം അനുവദിക്കുന്നതിന് പിന്നിൽ ചരിത്രപരമായ കാരണമുണ്ടെന്നും വിവാഹവും വിവാഹമോചനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും 1937 ലെ ശരിഅത്ത് ആക്ട് അനുസരിച്ച് തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 18 പേജുള്ള വിധിന്യായത്തിൽ, ഫുർകാന്റെ ഭാര്യമാർ രണ്ടുപേരും മുസ്ലീങ്ങളായതിനാൽ അദ്ദേഹത്തിന്റെ രണ്ടാം വിവാഹം സാധുവാണെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു. അടുത്ത വാദം കേൾക്കാൻ മെയ് 26ന് കേസ് മാറ്റി വച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |