കറാച്ചി: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ ഡ്രോണുകളെയും മിസൈലുകളെയും ചാരമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമാേദി മിന്നൽ സന്ദർശനം നടത്തി സൈനികരെ അഭിവാദ്യം ചെയ്തത് കഴിഞ്ഞദിവസമാണ്. സൈനികർ ആവേശത്തോടെയാണ് അദ്ദേഹത്തെ വരവേറ്റത്. ഇതിനെ അനുകരിച്ച് തൊട്ടടുത്ത ദിവസം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാനിലെ സൈനിക കേന്ദ്രം സന്ദർശിച്ചു.
സിയാൽകോട്ടിലെ പസ്രൂൺ കന്റോൺമെന്റിലെ സൈനികരെ സന്ദർശിക്കാണ് പാക് പ്രധാനമന്ത്രി എത്തിയത്. ഇന്ത്യക്കെതിരായ സൈനിക നടപടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെയും സൈനികരെയും കാണുന്നതിനും അവരെ അഭിസംബോധന ചെയ്യുന്നതിനുമാണ് പോയതെന്നാണ് റിപ്പോർട്ട്. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദാർ, പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, കരസേനാ മേധാവി ജനറൽ അസിം മുനീർ, എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു, ഫെഡറൽ മന്ത്രിമാരായ അഹ്‌സൻ ഇഖ്ബാൽ, അത്തൗല്ല തരാർ, കോർപ്‌സ് കമാൻഡർ സിയാൽകോട്ട്, മുതിർന്ന സിവിൽ, സൈനിക നേതൃത്വം എന്നിവർ ഷെരീഫിനൊപ്പമുണ്ടായിരുന്നു. ഒരു ടാങ്കിന് മുകളിൽ കയറിനിന്ന് മൈക്കിലൂടെ സംസാരിക്കുന്ന പാക് പ്രധാനമന്ത്രിയുടെ ചിത്രം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. സൈനികരെയൊന്നും ഇതിൽ കാണാനില്ല.
ലാഹോറിൽ നിന്ന് 130 കിലോ മീറ്റർ അകലെയാണ് പസ്രൂൺ കന്റോൺമെന്റ്. ഇവിടത്തെയും സിയാൽകോട്ട് വ്യോമ താവളത്തിലെയും റഡാർ സംവിധാനങ്ങൾ ഇന്ത്യ തകർത്തിരുന്നു. പൊടുന്നനെ ഒരു വെടിനിറുത്തലിന് പാകിസ്ഥാൻ തയ്യാറായതിന് ഇതും ഒരു കാരണമായിരുന്നു എന്നുവേണം കരുതാൻ.
പസ്രൂൺ കന്റോൺമെന്റിലെ സന്ദർശനം ഒരു തുടക്കംമാത്രമാണെന്നും വരുദിവസങ്ങളിൽ കൂടുതൽ എയർബേസുകളും നാവിക താവളങ്ങളും പാക് പ്രധാനമന്ത്രി സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. ഇതിനൊപ്പം സേനയിലെ ഉന്നത ഉദ്യോഗസ്ഥരെയും കാണും. പാകിസ്ഥാൻ കണ്ട ഏറ്റവും ദുർബലനായ പ്രധാനമന്ത്രിയാണ് ഷെഹ്ബാസ് ഷെരീഫെന്നും സൈന്യം ഇദ്ദേഹത്തെ പുറത്താക്കി അധികാരം പിടിക്കാൻ സാദ്ധ്യത കൂടുതലാണെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |