കോഴിക്കോട്: മൂന്നു മാസത്തെ കുടിശ്ശിക സിവിൽ സപ്ളെെസ് നൽകാത്തതിനെ തുടർന്ന് റേഷൻ വാതിൽപ്പടി വിതരണ കരാറുകാർ സമരം ശക്തമാക്കിയതോടെ റേഷൻ കടകൾ കാലിയാകുന്നു. മിക്ക കടകളിലും ഏതാനും ദിവസം വിതരണം ചെയ്യാനുള്ള സാധനങ്ങളേയുള്ളൂ.
സാധനങ്ങൾക്ക് ക്ഷാമം വന്നതോടെ പലയിടത്തും കാർഡുടമകൾ തിരികെപോവുകയാണ്. പച്ചരി, പുഴക്കലരി എന്നിങ്ങനെ തെരഞ്ഞെടുക്കാനുള്ള സാഹചര്യവുമില്ല. ഇതര ജില്ലകളിലെ മിക്ക കടകളിലും ആട്ട ഉൾപ്പെടെ സ്റ്റോക്കില്ല. ചിലയിടങ്ങളിൽ കോംബോ ഓഫർ രീതി തുടരുന്നു. പച്ചരിക്കു പകരം പുഴുക്കലോ തിരിച്ചോ നൽകുന്നതാണ് രീതി. സമരം ഏതാനും ദിവസം കൂടി നീണ്ടാൽ കടകൾ പൂർണ്ണമായും കാലിയാകുമെന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു.
ഫെബ്രുവരി മുതൽ മൂന്നു മാസത്തെ വാതിൽപ്പടി വിതരണ കുടിശിക 75 കോടിയായതോടെയാണ് കഴിഞ്ഞ തിങ്കളാഴ്ച മുതൽ കരാറുകാർ വിതരണം നിറുത്തിയത്. സമരം തുടങ്ങുന്നതിന് മുമ്പേ കരാറുകാർ വാതിൽപ്പടി വിതരണം നിറുത്തിയിരുന്നു. ഇതേത്തുടർന്ന് കോഴിക്കോട് നഗരത്തിലെ ഉൾപ്പെടെ റേഷൻകടകളിൽ സാധനങ്ങൾ കുറഞ്ഞിരുന്നു. സ്റ്റോക്കുള്ള സാധനങ്ങളാണ് ഇപ്പോൾ ഡീലർമാർ വിതരണം ചെയ്യുന്നത്. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലെ ജില്ലാ സപ്ളെെ ഓഫീസർമാർ കരാറുകാരുമായി സംസാരിച്ചെങ്കിലും പ്രശ്നം പരിഹരിച്ചിട്ടില്ല. കുടിശ്ശിക ഏതാനും ദിവസത്തിനകം നൽകുമെന്ന് പറയുന്നുണ്ടെങ്കിലും ഉറപ്പൊന്നും ലഭിച്ചില്ലെന്ന് കരാറുകാർ പറഞ്ഞു.
നാലു ദിവസത്തിനകം വിതരണം പുനരാരംഭിച്ചില്ലെങ്കിൽ കാർഡുടമകൾക്ക് റേഷൻ നൽകാനാകില്ല. ഇതേത്തുടർന്ന് ഡീലർമാരും ആശങ്കയിലാണ്. മലബാറിലെ പല റേഷൻകടകളിലും സാധനങ്ങൾ കുറവാണ്. സാധനങ്ങളെത്തിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് ഡീലർമാർ ആവശ്യപ്പെട്ടു. കുടിശിക 100 കോടിയായതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിലും കരാറുകാർ സമരം നടത്തിയിരുന്നു. തുടർന്ന് 2024 സെപ്തംബർ മുതൽ ജനുവരി വരെയുള്ള കുടിശ്ശിക നൽകി.
പ്രശ്നം അടിയന്തരമായി പരിഹരിച്ച് റേഷൻ വിതരണം സാധാരണ നിലയിലാക്കണം.
-എം.എം. സെെനുദ്ദീൻ
സംസ്ഥാന വെെസ് പ്രസിഡന്റ്
കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |