കോഴിക്കോട്: ഒരുകാലത്ത് കോഴിക്കോട്ടെ പ്രധാന വാറ്റുകേന്ദ്രമായിരുന്നു പയമ്പ്ര ഗ്രാമം. ലഹരിക്കടിമകളായി നിരവധി ബാല്യ- കൗമാരങ്ങൾ വഴിപിഴച്ചപ്പോൾ പ്രദേശത്തുകാരനായ വോളിബാൾ പ്രേമിയും നിർമ്മാണത്തൊഴിലാളിയുമായ ദിനേശ് കുമാർ 2001ൽ സ്വന്തം ചെലവിൽ കുറച്ചുസ്ഥലം വാങ്ങി അവിടെ ഒരു വോളിബാൾ കോർട്ട് പണിഞ്ഞു. അഞ്ചു കുട്ടികളുമായി പരിശീലനം തുടങ്ങി. ഇപ്പോൾ 50പെൺകുട്ടികളും 100 ആൺകുട്ടികളും പരിശീലിക്കുന്നു. ദൂരദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് താമസവും ഭക്ഷണവും ദിനേശന്റെ വീട്ടിൽ. ഇന്ത്യൻ സീനിയർ ടീമംഗങ്ങളായ അനുശ്രീ, നന്ദന, അമിത എന്നിവർ പയമ്പ്രയുടെ സംഭാവന. വിവിധ വകുപ്പുകളിലായി കളി മികവിൽ ജോലികിട്ടിപ്പോയവരും നിരവധി. ഇന്ന് പയമ്പ്ര അറിയപ്പെടുന്നത് വോളി ഗ്രാമമെന്ന പേരിൽ.
2001ൽ തുടങ്ങിയ യജ്ഞം 2004ഓടെ ക്ലബായി രൂപം കൊണ്ടു. പയമ്പ്ര വോളി ഫ്രണ്ട്സ് സ്‌പോർസ് സെന്ററെന്നാൽ ഇന്ന് കേരളം അറിയും. രണ്ട് ഓപ്പൺകോർട്ടുകളും ഇൻഡോർ കോർട്ടും ജിമ്മും ക്ലബ് കെട്ടിടവും വിശ്രമ കേന്ദ്രവുമൊക്കെയായി വലിയ വളർച്ച. നാടുമുഴുവൻ സഹായ ഹസ്തങ്ങൾ നീട്ടിയാണ് നിത്യ ചെലവുകൾ നടന്നുപോകുന്നത്. ഇവിടെനിന്ന് കളി പഠിച്ചവർ സൗജന്യമായി ഒന്നിടവിട്ട ദിവസങ്ങളിൽ കുട്ടികളെ പരിശീലിപ്പിക്കാനെത്തുന്നു. എൻ.ദേവദാസനാണ് ക്ലബ് പ്രസിഡന്റ്. ടി.ബൈജു സെക്രട്ടറിയും.
സർക്കാരിന്റെ കരുതൽകൂടി വേണം: ദിനേശ്കുമാർ
കളിയിലൂടെ ആയിരക്കണക്കിന് പ്രതിഭകളെ വളർത്തിയെടുത്തു എന്നതിനപ്പുറത്ത് ലഹരിഭ്രാന്തിൽ നിന്ന് ഒരു നാടിനെ മോചിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് വലിയ നേട്ടം. നിരവധി കുട്ടികൾ ഇവിടെ വളരുന്നുണ്ട്. പക്ഷെ സർക്കാരിന്റേയും സ്‌പോർട്‌സ് കൗൺസിലിന്റേയുമെല്ലാം ഒരു കരുതൽ കൂടി വേണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |